ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗം ചേരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, സംസ്ഥാന, കേന്ദ്രഭരണ (യുടി) ധനമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. യോഗത്തിൽ അനുരാഗ് താക്കൂർ കൂടാതെ സംസ്ഥാന ധനകാര്യ മന്ത്രിമാരും യുടിമാരും കേന്ദ്രസർക്കാരിലെയും സംസ്ഥാനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ധനമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം; നിർണായക ജിഎസ്ടി കൗണ്‍സില്‍ യോഗം
വായ്പാ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കണമെന്നുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചിരിക്കുന്നത്
കഴിഞ്ഞ യോഗത്തില്‍ ജിഎസ്‌ടി നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കേരളം അടക്കമുള്ള ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തള്ളിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്ടപരിഹാരമായി നല്‍കാനുള്ളത്. വായ്പാ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കണമെന്നുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചിരിക്കുന്നത്. നഷ്ടം നികത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാനങ്ങൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് പുറമെ പശ്ചിമബംഗാൾ, ഡൽഹി, തെലങ്കാന, ഛത്തീസ്ഗഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ജിഎസ്‌ടി കോംപന്‍സേഷന്‍ സെസ് ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിലൂടെ ജിഎസ്‌ടി നിയമം കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായും വ്യക്തമായിരുന്നു.