ഡല്‍ഹി:ഏഴുവര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റി. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്‌ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്കുള്ള ശിക്ഷ വെളുപ്പിനെ അഞ്ച് മുപ്പതിനാണ് തിഹാര്‍ ജയിലില്‍ നടപ്പിലാക്കിയത്.
പുലര്‍ച്ചെ മൂന്ന് മുപ്പതിനാണ് പ്രതികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളിയത്. സ്വതന്ത്ര ഇന്ത്യയില്‍ രണ്ടാമത്തെ പ്രാവശ്യമാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. 2012 ഡിസംബര്‍ 16ന് രാത്രി നടന്ന ക്രൂരകൃത്യത്തിലെ മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് തിഹാര്‍ ജയിയില്‍ വച്ച് 2013 മാര്‍ച്ച് 11ന് ആത്മഹത്യ ചെയ്‌തിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതി ഇന്നും സമൂഹത്തില്‍ അജ്ഞാതനായി ജീവിക്കുകയാണ്.
കേസില്‍ 2013 ജനുവരി 17മുതല്‍ ഇന്ന് പുലര്‍ച്ചെ 3.30 വരെ രാജ്യത്തെ വിവിധ കോടതികള്‍ വാദം കേട്ടു. എല്ലാത്തിനുമൊടുവില്‍ അവസാന ഹര്‍ജിയും തള്ളിയ ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായി എന്നായിരുന്നു. എന്ത് വാദമുഖങ്ങള്‍ ഉയര്‍ത്തിയാലും ശിക്ഷ മാറ്റിവയ്‌ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെ പുലര്‍ച്ചെ 2.50ന് കേസ് അവസാന വാക്കായ സുപ്രീംകോടതിയുടെ മുമ്പിലെത്തി. ഡല്‍ഹി ഹൈക്കോടതിയുടെ നിലപാടിനെ പിന്തുണച്ച സുപ്രീംകോടതി ജസ്‌റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് പ്രതികള്‍ക്ക് കൂടുതലായി ഒന്നും പറയാനില്ലെന്ന് കണ്ടെത്തിയതോടെ ശിക്ഷ നടപ്പിലാക്കാന്‍ അവസാന ഉത്തരവിട്ടു.
ശേഷം വെളുപ്പിനെ തിഹാര്‍ ജയിലിലെ കൊലമുറിയില്‍ ജയില്‍ സൂപ്രണ്ട് പ്രതികളുടെ മരണവാറന്‍റ് വായിച്ചു. പിന്നാലെ വാറന്‍റില്‍ ഒപ്പിട്ട പ്രതികളുടെ കഴുത്തില്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവൻ ജല്ലാദ് കയര്‍ കുരുക്കി. ജില്ലാ മജിസ്‌ട്രേറ്റ്, ജയിലര്‍, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്, മെഡിക്കല്‍ ഓഫിസര്‍, എതാനും സായുധ പൊലീസുകാര്‍ എന്നിവരക്കം 32 പേരെ സാക്ഷി നിര്‍ത്തി കൃത്യം അഞ്ച് മുപ്പതിന് നടപടി പ്രകാരം കയ്യില്‍ കരുതിയ തുവാല ജയിലര്‍ താഴെയിട്ടു. മൗനം നിറഞ്ഞുനിന്ന മുറിയിലെ അവസാന നിര്‍ദേശമായിരുന്നു അത്. നിലത്തുവീണ തുവാല കണ്ട പവന്‍ ജില്ലാദ് കൊലക്കയറിന്‍റെ ലിവര്‍ വലിച്ചു. സമാനതകളില്ലാത്ത ക്രൂരകൃത്യത്തിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രഖ്യാപിച്ച ശിക്ഷ നടപ്പിലായി.
2012 ഡിസംബര്‍ 16ന് രാത്രിയാണ് ഡല്‍ഹിയിലെ ഓടുന്ന ബസില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡനത്തിനിരയായത്. ആക്രമണം തടയാൻ ശ്രമിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിനെ സംഘം ഇരുമ്പ് ദണ്ട് കൊണ്ട് അടിച്ച് ബോധരഹിതനാക്കി. ക്രൂര പീഡനത്തിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും റോഡിലേക്ക് വലിച്ചെറിയപ്പെട്ടു. ഒരു മനുഷ്യന്‍ സഹിക്കാവുന്ന എല്ലാ വേദനകളും സഹിച്ച 13 ദിവസത്തിന് ശേഷം സിങ്കപ്പൂരിലെ ആശുപത്രിയില്‍ വച്ച് നിര്‍ഭയ മരണത്തോട് ചേര്‍ന്നു.
തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൂട്ടബലാത്സംഗം, മോഷണ ശ്രമത്തിനിടെയുളള അക്രമം എന്നീ കുറ്റങ്ങള്‍ പ്രകാരമായിരുന്നു കേസിലെ ആറ് പ്രതികള്‍ക്കെതിരെ കേസ്. നിര്‍ഭയയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 2013 ഓഗസ്‌റ്റ് 30ന് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിഹാര്‍ ജയില്‍വാസത്തിനിടെ കേസിലെ മറ്റൊരു പ്രതി രാംസിങ് ആത്മഹത്യ ചെയ്തു. 2013 സെപ്‌റ്റംബര്‍ 13 ന് രാജ്യത്തെ ആദ്യത്തെ അതിവേഗ കോടതിയിലെ ആദ്യ കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നാലെ നടന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ എറ്റവും വലിയ നിയമയുദ്ധം. ഡല്‍ഹി കോടതി മുതല്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ വരെ പ്രതികള്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജികള്‍ പ്രതികളുടെ ജയില്‍ ജീവിതത്തിന്‍റെ ദൈര്‍ഘ്യം കൂട്ടി നല്‍കി. എല്ലാത്തിനുമൊടുവിലാണ് രാജ്യം ഒരുപോലെ കാത്തിരുന്ന വിധി തിഹാര്‍ ജയിലിലെ കൊലമുറിയില്‍ നടപ്പിലായത്.