ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെ ഇന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. ജീവന് ഭീഷണിയുള്ളതിനാലും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികളെ ഹാജരാക്കുക. രാവിലെ പത്ത് മണിക്ക് വിചാരണ ആരംഭിക്കും. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷമായിരിക്കും വീഡിയോ കോണ്‍ഫറന്‍സ് ആരംഭിക്കുക.
നിര്‍ഭയ കേസ് പ്രതികളെ വീഡിയോ കോണ്‍ഫറസിലൂടെ ഇന്ന് കോടതിയില്‍ ഹാജരാക്കും - video conferencing
ജീവന് ഭീഷണിയുള്ളതിനാലും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലുമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികളെ ഹാജരാക്കുന്നത്
പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കൾ സമര്‍പ്പിച്ച ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. 2012 സിഡംബര്‍ പതിനാറിനായിരുന്നു ഡല്‍ഹിയിലെ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. കേസില്‍ ആറ് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാല്‍ പ്രായപൂർത്തിയാകാത്തതിനാല്‍ പ്രതികളിലൊരാളെ ജുവനൈല്‍ കോടതിയിലായിരുന്നു ഹാജരാക്കിയത്. മറ്റൊരു പ്രതി തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്‌തു. രണ്ടായിരത്തി പതിനേഴിലാണ് മറ്റ് നാലുപേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്.
നവംബർ ഇരുപത്തിയൊമ്പതിന് അഡീഷണൽ സെഷൻസ് ജഡ്‌ജി സതീഷ് കുമാർ അറോറ പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും ഡിസംബർ പതിമൂന്നിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അതേസമയം പ്രതികളിലൊരാളായ വിനയ് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ സിങ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഡിസംബര്‍ പതിനേഴിന് സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കും.