ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ പൈശാചിക ക്രൂരകൃത്യത്തിന് വെള്ളിയാഴ്‌ച പുലർച്ചയോടെ നീതിന്യായ വ്യവസ്ഥ ശിക്ഷ നടപ്പാക്കി. വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ നിർഭയയുടെ ഘാതകരെ തൂക്കിലേറ്റി. ഏതൊരു പ്രതിക്കും പരമാവധി ലഭിക്കാവുന്ന ശിക്ഷയാണ് വധശിക്ഷ. അത് നടപ്പിലാക്കുന്നതിന് മുമ്പ് തങ്ങളുടെ അവസാന ആഗ്രഹം ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമുണ്ട്. എന്നാൽ നിർഭയാക്കേസ് പ്രതികൾ അത് നിഷേധിച്ചു.
നിർഭയയുടെ ഘാതകർക്ക് അവസാന ആഗ്രഹങ്ങളില്ല.. എങ്കിലും... - നീതിന്യായ വ്യവസ്ഥ
അവയവങ്ങൾ ദാനം ചെയ്യണമെന്ന് മുകേഷ് സിംഗും താൻ വരച്ച ചിത്രങ്ങൾ സൂപ്രണ്ടിന് കൈമാറണമെന്ന് വിനയ് ശർമയും ആവശ്യപ്പെട്ടു
![നിർഭയയുടെ ഘാതകർക്ക് അവസാന ആഗ്രഹങ്ങളില്ല.. എങ്കിലും... നിർഭയ കേസ് Nirbhaya convicts Nirbhaya case നീതിന്യായ വ്യവസ്ഥ നിർഭയ വധശിക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6476272-thumbnail-3x2-nirbhaya.jpg)
എങ്കിലും തൂക്കിലേറ്റപ്പെടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് തന്‍റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മുകേഷ് സിംഗും താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിന് കൈമാറണമെന്ന് വിനയ് ശർമയും ആവശ്യപ്പെട്ടതായാണ് വിവരം. തന്‍റെ 'ഹനുമാൻ ചലിസ' കുടുംബത്തിന് കൈമാറണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിൽ വാസത്തിനിടെ വിനയ് ധാരാളം ചിത്രങ്ങൾ വരക്കാറുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹി ജില്ലാ മജിസ്ട്രേറ്റ് നേഹ ബൻസലും ജയിൽ അധികൃതരും വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നാല് പ്രതികളെയും അതാത് സെല്ലുകളിലെത്തി സന്ദർശിച്ചിരുന്നു. ജയിൽ നിയമങ്ങളനുസരിച്ച് തൂക്കിലേറ്റപ്പെടാൻ പോകുന്ന തടവുകാരുടെ അവസാന ആഗ്രഹം സൂചിപ്പിക്കുന്ന വിൽപത്രമോ രേഖകളോ ഉണ്ടെങ്കിൽ അതാത് ജയിൽ സൂപ്രണ്ടിന്‍റെയും ജില്ലാ മജിസ്ട്രേറ്റിന്‍റെയും സാന്നിധ്യത്തിൽ പ്രതികൾ ഒപ്പുവക്കണം. എന്നാൽ നിർഭയാക്കേസ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്‌ത, അക്ഷയ് കുമാർ സിംഗ് എന്നിവർക്ക് ഔദ്യോഗികമായി രേഖപ്പെടുത്താൻ അവസാന ആഗ്രഹമായി യാതൊന്നും ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.