ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് പ്രതികള്‍. അക്ഷയ് സിംഗ്, പവൻ ഗുപ്‌ത, വിനയ് ശർമ എന്നവരാണ് ഐസിജെയെ സമീപിച്ചത്. മാർച്ച് 20 രാവിലെ 5.30ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്.
നിർഭയ കേസ്; അന്താരാഷ്ട്ര കോടതിയെ സമീപിച്ച് പ്രതികൾ
രാഷ്ട്രപതി ദയാഹർജി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ സ്റ്റേ ചെയ്യാൻ പ്രതികൾ ഐസിജെയെ സമീപിച്ചത്
2012 ഡിസംബറിലായിരുന്നു പാരാമെഡിക്കൽ വിദ്യാർഥിയായ 23ക്കാരി ഡൽഹിയിൽ ആറ് പേരുടെ ക്രൂര ബലാത്സംഗത്തിനിരയായത്. ഓടുന്ന ബസിൽ തീർത്തും നിഷ്‌ഠൂരമായി ആക്രമിച്ചതിന് ശേഷം പെൺകുട്ടിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ സിംഗപ്പൂരിൽ വച്ചാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പിന്നീട് രാജ്യം അവളെ നിർഭയ എന്ന് വിളിച്ചു.
കേസിലെ ആറ് പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളെ മൂന്ന് വർഷത്തെ ജുവനൈൽ തടവിന് ശേഷം വിട്ടയച്ചു. മറ്റൊരു പ്രതിയായ റാം സിംഗ് ഡൽഹി തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്‌തു. ശേഷിക്കുന്ന പ്രതികളാണ് മരണ വാറണ്ടിനെതിരെ നിരന്തര നീക്കങ്ങൾ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് മുമ്പാകെ പ്രതികൾ ദയാഹർജിയും സമർപ്പിച്ചിരുന്നു. പ്രസിഡന്‍റ് ദയാഹർജി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ സ്റ്റേ ചെയ്യാൻ പ്രതികൾ ഐസിജെയെ സമീപിച്ചത്.