നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റും - നിർഭ പ്രതികൾ
15:52 March 19
പുലർച്ചെ 5.30നാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തിഹാർ ജയിലില്‍ പൂർത്തിയായിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റും. പുലർച്ചെ 5.30നാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തിഹാർ ജയിലില്‍ പൂർത്തിയായിട്ടുണ്ട്.
മരണവാറന്‍റ് ഡല്‍ഹി കോടതി സ്റ്റേ ചെയ്യാതിരിക്കുകയും പ്രതികൾ നല്‍കിയ എല്ലാ ഹർജികളും സുപ്രീംകോടതി തള്ളുകയും ചെയ്തതോടെയാണ് വധശിക്ഷ നാളെ തന്നെ നടപ്പിലാക്കുന്നത്. ഹർജി പരിഗണിക്കുന്നതിനിടെ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. ശിക്ഷ നടപ്പാക്കുന്നത് പരമാവധി നീട്ടി വയ്ക്കാനുള്ള പ്രതികളുടെ എല്ലാ തന്ത്രങ്ങളും ഇതോടെ അടഞ്ഞു. പ്രതികളായ മുകേഷ് കുമാർ, അക്ഷയ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നാളെ നടപ്പാക്കുന്നത്.
മീററ്റ് സ്വദേശിയായ ആരാച്ചാർ പവൻ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ഡമ്മി ഉപയോഗിച്ചുള്ള തൂക്കല്‍ പരീക്ഷണവും കഴിഞ്ഞതോടെ ഇനി വധശിക്ഷയ്ക്കായുള്ള കാത്തിരിപ്പാണ്. പ്രതികൾക്കായി പ്രത്യേക കഴുമരവും സജ്ജമാക്കിയിട്ടുണ്ട്.