ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റും. കേസിലെ നാല് പ്രതികള്‍ക്കെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചു. പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത,അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് വാറന്‍റ്. പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സതീഷ് കുമാര്‍ അറോറ സംസാരിച്ച ശേഷമാണ് ഉത്തരവിറക്കിയത്. ആരാച്ചാരുടെ സേവനത്തിനായി തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് കത്തയക്കും.
നിര്‍ഭയ കേസില്‍ മരണവാറണ്ട്; പ്രതികളെ 22 ന് തൂക്കിലേറ്റും - നിര്‍ഭയ കേസ് വധശിക്ഷ
പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചത്.

വധശിക്ഷക്കെതിരെ രണ്ട് ദിവസത്തിനകം സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളായ മുകേഷ്, വിനയ് ശര്‍മ എന്നിവരുടെ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്‍റ് പുറപ്പെടുവിക്കുന്നത് തടസമാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ മാധ്യമ-രാഷ്ട്രീയ സമ്മര്‍ദം തുടക്കം മുതല്‍ ഉണ്ടെന്നും നിഷ്പക്ഷ അന്വേഷണം നടന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തന്‍റെ മകള്‍ക്ക് നീതി ലഭിച്ചെന്നും വധശിക്ഷയിലൂടെ രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കാരണമാകുമെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും ആശാ ദേവി പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ ഭയമുണ്ടാകുമെന്നും നിര്‍ഭയയുടെ അച്ഛന്‍ പ്രതികരിച്ചു.