ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും സെലിബ്രറ്റികളുടെ താരവിശേഷങ്ങൾക്കും ട്വിറ്റർ എന്നും സാക്ഷിയാകാറുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം ചർച്ചകളില്‍ അഭിപ്രായങ്ങളുമായി എത്തുന്നവർ നിരവധിയാണ്. എന്നാല്‍ തലശേരി ബിരിയാണിയുടെ പേരില്‍ തുടങ്ങിയ ചർച്ച ഇപ്പോൾ എരിവും പുളിയും നിറഞ്ഞ് അങ്ങനെ കൊഴുക്കുകയാണ്.
ട്വിറ്ററില്‍ ചൂടൻ ബിരിയാണി ചർച്ച; രുചിപ്പെരുമയില്‍ കൊമ്പുകോർത്ത് തലശേരിയും ഹൈദരാബാദും - KTR
തലശേരി ' പാരീസ് ഹോട്ടലിലെ ' അയക്കോറ ഫിഷ് ബിരിയാണി ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണെന്നാണ് അമിതാഭ് കാന്തിന്‍റെ ട്വീറ്റ്. അതിന് പിന്തുണയുമായി മാധ്യമപ്രവർത്തകനും അവതാരകനുമായ വീർ സാങ്‌വി കൂടി രംഗത്തെത്തിയതോടെ ചർച്ചയ്ക്ക് ബിരിയാണിയേക്കാൾ ഡിമാന്‍റ്. ലോകത്തെ ഏറ്റവും രുചിയേറിയ ബിരിയാണി ഹൈദരാബാദ് ബിരിയാണി ആണെന്നും മറ്റുള്ളതെല്ലാം ഹൈദരാബാദ് ബിരിയാണിയുടെ അനുകരണം മാത്രമാണെന്നും കെടിആർ വിശദീകരിച്ചു.
![ട്വിറ്ററില്‍ ചൂടൻ ബിരിയാണി ചർച്ച; രുചിപ്പെരുമയില്‍ കൊമ്പുകോർത്ത് തലശേരിയും ഹൈദരാബാദും Nice hot biryani discussion on twitter Thalassery and Hyderabad fights for taste](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5971906-246-5971906-1580919980103.jpg)
നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് തലശേരി ബിരിയാണിയുടെ രുചിപ്പെരുമയെ കുറിച്ച് ട്വീറ്റ് ചെയ്തത്. തലശേരി ' പാരീസ് ഹോട്ടലിലെ ' അയക്കോറ ഫിഷ് ബിരിയാണി ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണെന്നാണ് അമിതാഭ് കാന്തിന്‍റെ ട്വീറ്റ്. അതിന് പിന്തുണയുമായി മാധ്യമപ്രവർത്തകനും അവതാരകനുമായ വീർ സാങ്‌വി കൂടി രംഗത്തെത്തിയതോടെ ചർച്ചയ്ക്ക് ബിരിയാണിയേക്കാൾ ഡിമാന്‍റ്. ഹൈദരാബാദി ബിരിയാണി രണ്ട് മാസത്തില്‍ ഒരിക്കലും കല്‍ക്കട്ട ബിരിയാണി ആഴ്ചയില്‍ ഒരിക്കലും കഴിക്കാൻ ആഗ്രഹിക്കുമ്പോൾ കേരള ബിരിയാണി ദിവസവും കഴിക്കാൻ തോന്നുമെന്നാണ് വീർ സാങ്‌വിയുടെ അഭിപ്രായം. മുൻ കോഴിക്കോട് കലക്ടർ കൂടിയായ കലക്ടർ ബ്രോ പ്രശാന്തും ബിരിയാണി ട്വീറ്റുമായി രംഗത്തുണ്ട്. വിവാഹത്തലേന്ന് തലശേരിയിലെ വീടുകളില്‍ തയ്യാറാക്കുന്ന ബിരിയാണിയുടെ രുചി മാഹാത്മ്യം കലക്ടർ ബ്രോ പറഞ്ഞപ്പോൾ നാവില്‍ വെള്ളമൂറുന്ന സ്ഥിതിയായി. നിരവധി ആളുകളാണ് ഇരുവർക്കും പിന്തുണയുമായി ട്വിറ്ററില്‍ തലശേരി ബിരിയാണിയുടെ മഹത്വം പറഞ്ഞ് രംഗത്തെത്തിയത്.
എന്നാല്‍ തെലങ്കാന മന്ത്രിയും ടിആർഎസ് വർക്കിങ് പ്രസിഡന്‍റുമായ കെടി രാമറാവു (കെടിആർ) ഹൈദരാബാദ് ബിരിയാണിയുടെ മഹത്വം പറഞ്ഞ് രംഗത്ത് എത്തിയതോടെ ചർച്ച കൂടുതല്‍ സ്പൈസിയായി. അമിതാഭ് കാന്തിനുള്ള മറുപടിയായി ഹൈദരാബാദ് ബിരിയാണിക്ക് യുനെസ്കോ അംഗീകാരം ലഭിച്ചത് അടക്കമാണ് കെടിആർ വിശദീകരിച്ചത്. ലോകത്തെ ഏറ്റവും രുചിയേറിയ ബിരിയാണി ഹൈദരാബാദ് ബിരിയാണി ആണെന്നും മറ്റുള്ളതെല്ലാം ഹൈദരാബാദ് ബിരിയാണിയുടെ അനുകരണം മാത്രമാണെന്നും കെടിആർ വിശദീകരിച്ചു. ഇതോടെ കെടിആറിന് പിന്തുണയുമായി പ്രശസ്തമായ ' പാരഡൈസ്, ബഹർ' അടക്കമുള്ള ഹൈദരാബാദ് റസ്റ്റോറന്‍റുകളുടെ പേരുകൾ പരാമർശിച്ചാണ് കെടിആറിന് പിന്തുണയുമായി ബിരിയാണി സ്നേഹികൾ രംഗത്ത് എത്തിയത്. നൈസാം രാജാക്കൻമാരുടെ കാലത്ത് ബിരിയാണി ഉണ്ടാക്കാനായി പ്രത്യേകം പാചക വിദഗ്ധൻമാർ ഉണ്ടായിരുന്നുവെന്ന് വരെ ചിലർ ട്വറ്ററില്‍ പറഞ്ഞുവെച്ചു. എന്തായാലും ട്വിറ്റർ ചർച്ച ബിരിയാണി പോലെ അങ്ങനെ രുചിയും മണവും നിറയുകയാണ്.