ന്യൂഡൽഹി: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി പരിരക്ഷയിൽ ആരോഗ്യപ്രവര്‍ത്തകരിലെ ഒരു വിഭാഗത്തെ ഒഴിവാക്കിയതില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ആരോഗ്യഇന്‍ഷുറന്‍സ്; ഒരുവിഭാഗം ജീവനക്കാര്‍ പുറത്ത്, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
50 ലക്ഷം രൂപ ആരോഗ്യ പരിരക്ഷയിൽ സ്വകാര്യ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, കൊവിഡ് ഇതര ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്
ആരോഗ്യ പ്രവർത്തകർക്കായി കേന്ദ്രസർക്കാർ നൽകുന്ന 50 ലക്ഷം രൂപ ആരോഗ്യ പരിരക്ഷയിൽ സ്വകാര്യ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, കൊവിഡ് ഇതര ജോലി ചെയ്യുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന സംഭവം വാര്‍ത്തയായതോടെയാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടല്‍. ഇത്തരം സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കുറയ്ക്കുമെന്നും അതിന്‍റെ ഫലം പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ ഇൻഷുറൻസ് ഡിവിഷൻ, ഇൻഷുറൻസ് വിഭാഗം സെക്രട്ടറി, ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡവലപ്‌മെന്‍റ് അതോറിറ്റി (ഐആർഡിഎ) ചെയർമാൻ എന്നിവർക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു.