ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ ശേഖരണം ഈ മാസം 20 മുതൽ പുനരാരംഭിക്കും. ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മാർച്ച് 25ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ ആവശ്യവസ്‌തുക്കളുടെ ചരക്ക് നീക്കം നടപ്പിലാക്കാനായിരുന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിശ്ചിതകാലത്തേക്ക് ടോൾ പിരിവ് നിർത്തലാക്കിയത്. എന്നാൽ, അന്തർ സംസ്ഥാന ചരക്ക് നീക്കങ്ങൾക്കും സംസ്ഥാനങ്ങൾക്കകത്തുള്ള ഗതാഗതത്തിലും ഇളവ് പ്രഖ്യാപിച്ചതിനാൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎഎഐഐ) ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദേശം നൽകി. സർക്കാർ ഖജനാവിലേക്കായിരിക്കും ഈ പണം എത്തുകയെന്നും എൻഎഎഐഐക്ക് ഇത് സാമ്പത്തിക സഹായമാകുമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകിയ മറുപടി കത്തിൽ മന്ത്രാലയം പരാമർശിച്ചു.
ഈ മാസം 20 മുതൽ ടോൾ പിരിവ് പുനരാരംഭിക്കും - lock down
അന്തർ സംസ്ഥാന ചരക്ക് നീക്കങ്ങൾക്കും സംസ്ഥാനങ്ങൾക്കകത്തുള്ള ഗതാഗതത്തിലും ഇളവ് പ്രഖ്യാപിച്ചതിനാൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎഎഐഐ) ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദേശം നൽകി.
എന്നാൽ, ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ പരിമിതികളും മറികടന്ന് ആവശ്യസാധനങ്ങൾ എത്തിക്കുവാൻ ഓരോ ലോറി ഡ്രൈവർമാരും പരിശ്രമിക്കുമ്പോൾ ടോൾ പിരിവ് കൊണ്ടുവരുന്ന നടപടി തികച്ചും അസംബന്ധമാണെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട് കോൺഗ്രസ് (എഐഎംടിസി) പ്രതികരിച്ചു. ഗതാഗതസൗകര്യങ്ങള്‍ താറുമാറായി കിടക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലെന്നുള്ളതും എഐഎംടിസി നേരിടുന്ന വെല്ലുവിളിയാണ്. ഈ സമയത്ത് സഹായകരമായ പാക്കേജുകൾ നൽകുന്നതിന് പകരം ഗവൺമെന്‍റ് ടോൾ പിരിവ് നടപ്പിലാക്കുന്നത് കൂടുതൽ നഷ്‌ടമുണ്ടാക്കുമെന്നും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധികൾ പറഞ്ഞു.