ന്യൂഡല്‍ഹി: മോദിക്ക് ക്ലീൻ ചിറ്റ് നല്‍കിയതില്‍ അതൃപ്ത്തി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ ഏകപക്ഷീയമായാണ് തെരഞ്ഞെെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു.
മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പുമായി അശോക് ലവാസ - അശോക് ലവാസ
"പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു"
പെരുമാറ്റച്ചട്ട ലംഘനം പരിഗണിക്കുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് ലവാസ. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ ക്ലീൻ ചിറ്റ് നല്‍കുന്നതിൽ തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും കമ്മിഷൻ അത് പരിഗണിച്ചില്ല എന്ന് ലവാസ പറഞ്ഞു. തന്‍റെ വിയോജിപ്പ് കണക്കിലെടുക്കാത്തതിനാല്‍ തുടർന്നുള്ള യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും ലവാസ പറഞ്ഞു.
മോദിക്കെതിരായ രണ്ട് പെരുമാറ്റ ചട്ട ലംഘന പരാതികളിലാണ് ലവാസക്ക് വിയോജിപ്പുണ്ടായിരുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന പരാമർശത്തിലും പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷൻ മോദിക്ക് ക്ലീൻ ചിറ്റ് നല്‍കുകയായിരുന്നു.