ന്യൂഡല്‍ഹി:ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ (എന്‍സിപി) സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളില്‍പെട്ട കൂടുതല്‍ പേര്‍ പ്രവര്‍ത്തന ശൈലി ചോദ്യം ചെയ്‌ത് തുടങ്ങിയതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി കൂടുതല്‍ പ്രതിസന്ധിയില്‍. ബുധനാഴ്‌ച കാഠ്‌മണ്ഡുവില്‍ നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അഞ്ച് അംഗങ്ങള്‍ മാത്രം സംസാരിച്ചു കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയായി ഒലി തുടരുന്നതില്‍ അവരെല്ലാവരും അഭിപ്രായ ഭിന്നത രേഖപ്പെടുത്തി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
പേഷല്‍ ഖട്ടിവാഡ, മാത്രിക യാദവ്, ലീലാമണി പൊഖരേല്‍ എന്നീ മൂന്ന് നേതാക്കന്മാര്‍ ഒലിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ മറ്റ് രണ്ട് നേതാക്കന്മാരായ നന്ദകുമാര്‍ പ്രസൈനും, യോഗേഷ് ഭട്ടറായിയും അദ്ദേഹത്തോട് പ്രവര്‍ത്തന ശൈലിയില്‍ തിരുത്തലുകള്‍ വരുത്താന്‍ ആവശ്യപ്പെട്ടു എന്നാണ് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ഈ സമ്മേളനം ഈ അംഗങ്ങളുടെ പരാമര്‍ശങ്ങളോട് കൂടി നിര്‍ത്തി വെച്ചതായും വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് അത് തുടരുമെന്നുമാണ് അറിയുന്നത്.
സ്വന്തം പാളയത്തില്‍ തന്നെ കൂടുതല്‍ എതിര്‍പ്പുകള്‍; നേപ്പാള്‍ പ്രധാനമന്ത്രി രാഷ്ട്രീയ പ്രതിസന്ധിയില്‍ - K.P. Sharma Oli
നേപ്പാളിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ അരുണിം ഭുയാന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.
ചൈനയെ പിന്തുണക്കുന്ന ഒലിയുടെ നടപടികള്‍ ഇന്ത്യ -നേപ്പാള്‍ ബന്ധങ്ങളില്‍ കടുത്ത സമ്മര്‍ദമാണ് ഈ അടുത്ത കാലത്തായി ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേക്ക്, ലിമ്പിയാതുര എന്നിവ നേപ്പാളിന്‍റെ ഭാഗമാക്കുന്ന ഒരു പുതിയ രാഷ്ട്രീയ ഭൂപടം പാര്‍ലിമെന്‍റിനെ കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ഒലിക്ക് സാധിച്ചിരുന്നു. കൈലാസ് മാനസരോവറിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഇന്ത്യ ലിപുലേക്കിലേക്ക് നിര്‍മ്മിച്ച റോഡ് മെയ് മാസത്തില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്‌തതിന് ശേഷമാണ് ഈ നീക്കമുണ്ടായത്.
ഒലിയുടെ ഈ നീക്കത്തെ തുടര്‍ന്ന് അത് “നിലനില്‍ക്കുന്നതല്ല” എന്നു പറഞ്ഞു കൊണ്ട് വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യ പ്രതികരിക്കുകയുണ്ടായി. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറക്കി വിടുവാന്‍ ശ്രമിക്കുകയാണെന്ന് ഒലി ആരോപിച്ചു.
“ഡല്‍ഹിയില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങളും നേപ്പാള്‍ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളും അവര്‍ക്ക് ഇന്ത്യയുമായുള്ള ബന്ധവുമൊക്കെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഞാന്‍ എടുത്ത നിലപാടിന്‍റെ പേരില്‍ എന്നെ താഴെയിറക്കാനുള്ള ശ്രമങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.'' ഞായറാഴ്ച കാഠ്മണ്ഡുവില്‍ ഒരു പരിപാടിക്കിടെ ഒലി ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നെ താഴെയിറക്കുന്നതില്‍ വിജയിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് 19 മഹാമാരി വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തതിന്‍റെ പേരില്‍ എന്‍സിപിക്ക് അകത്ത് തന്നെ എതിര്‍പ്പ് നേരിടുന്നതില്‍ നിന്നും ഉണ്ടായതാണ് ഒലിയുടെ ഈ നടപടികള്‍ എന്നാണ് നിരീക്ഷകര്‍ പറയുന്നത്. മാത്രമല്ല, അദ്ദേഹം ഇത് ഭിന്നിച്ച് ഭരിക്കാനുള്ള തന്ത്രത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ച മറ്റൊരു സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി യോഗത്തില്‍ എന്‍സിപിയുടെ സഹ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ടയും മറ്റ് മുതിര്‍ന്ന നേതാക്കന്മാരായ മാധവ് കുമാര്‍ നേപ്പാളും, ഝാലാ നാഥ് ഖനാലും, ബംദേവ് ഗൗതമും, നാരായണ്‍ കജി ശ്രേഷ്ടയും അടക്കം 11 അംഗങ്ങള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒലി രാജി വെക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ബുധനാഴ്ചത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന് ശേഷം കാഠ്മണ്ഡുവിലെ രാഷ്ട്രീയ സമ്പദ് ശാസ്ത്രഞ്ജനായ ഹരി റോക്ക ഇടിവി ഭാരതിനോട് പറഞ്ഞത് ഒലിക്ക് പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നും 45 അംഗ കമ്മിറ്റിയില്‍ അദ്ദേഹത്തെ ഇപ്പോള്‍ പിന്തുണക്കുന്നത് 15 അംഗങ്ങള്‍ മാത്രമാണെന്നുമാണ്. അവര്‍ തന്നെ ഇനിയും പ്രകോപിപ്പിക്കുന്നത് തുടര്‍ന്നാല്‍ താന്‍ പാര്‍ട്ടി പിളര്‍ക്കും എന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും റോക്ക പറഞ്ഞു.
തന്നെ പ്രധാനമന്ത്രിയാക്കിയത് സ്റ്റാന്‍ഡിങ് കമ്മിറ്റിയല്ല എന്നുള്ള കാരണം ചൂണ്ടി കാട്ടി കൊണ്ട് പാര്‍ലിമെന്‍റില്‍ ഒരു വിശ്വാസ വോട്ട് തേടുവാനാണ് ഒലി ഇപ്പോള്‍ ആലോചിച്ചു വരുന്നത് എന്നാണ് വിശ്വസനീയമായ വൃത്തങ്ങള്‍ പറയുന്നത്. ഒലി തന്‍റെ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് ഒഴിയണമെന്നുള്ള ആവശ്യവുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തോടൊപ്പം തന്നെ എന്‍സിപിയുടെ സഹ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. ഒലിക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായാല്‍ മിക്കവാറും ദഹലും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ നേപ്പാളും ആയിരിക്കും പ്രധാനമന്ത്രി സ്ഥാനവും എന്‍സിപി ചെയര്‍മാന്‍ പദവിയും പങ്കിടുവാന്‍ സാധ്യതയുള്ളത് എന്ന് റോക്ക പറയുന്നു.
രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ ഒലിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (ഏകീകൃത മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ദഹലിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്‍റര്‍) ലയിച്ചാണ് 2018-ല്‍ എന്‍സിപി അധികാരത്തിലേക്ക് എത്തുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിന്‍റെ നൈബര്‍ഹുഡ് റീജണല്‍ സ്റ്റഡീസ് ഇനീഷേറ്റീവിലെ സീനിയര്‍ ഫെലോയായ കെ യോം പറയുന്നത് എന്‍സിപിക്കകത്ത് ആഭ്യന്തര അധികാര പോരാട്ടം നടന്നു വരുന്നുണ്ടെന്നും രണ്ട് വ്യക്തമായ ഗ്രൂപ്പുകളില്‍ ഒന്ന് ദഹലിനെയാണ് പിന്തുണക്കുന്നത് എന്നുമാണ്. ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൊവിഡ്-19 പ്രതിസന്ധി ഒലി കൈകാര്യം ചെയ്തതിന്‍റെ പേരില്‍ രൂക്ഷമായി മാറുകയായിരുന്നു. നേപ്പാളിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉയര്‍ന്നു വരുന്ന ചൈനയുടെ പങ്കാളിത്തമാണ് ഇന്ത്യക്കെതിരെയുള്ള ഒലിയുടെ ശക്തമായ എതിര്‍പ്പിനുള്ള മറ്റൊരു കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളിലും ഇന്ത്യക്കെതിരെ നേപ്പാള്‍ ചൈനാ കാര്‍ഡ് കളിച്ചിട്ടുണ്ട്. പക്ഷെ അത് ഒളിഞ്ഞു കൊണ്ടായിരുന്നു എന്നു മാത്രം. എന്നാല്‍ ഇപ്പോള്‍ മാറിയിരിക്കുന്നത് എന്താണെന്ന് വെച്ചാല്‍ തങ്ങള്‍ രാഷ്ട്രീയ കളി കളിക്കുവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈന തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേപ്പാളിലെ ഭൂ രാഷ്ട്രീയ സമവാക്യങ്ങളെ മൊത്തത്തില്‍ മാറ്റി മറിച്ചെന്നും യോം കൂട്ടിച്ചേര്‍ത്തു.
നേപ്പാളില്‍ ജല വൈദ്യുത പദ്ധതികളില്‍ മുതല്‍ മുടക്കുവാന്‍ ചൈന ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിന്‍റെ പ്രിയപ്പെട്ട പദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷേറ്റീവിന് (ബിആര്‍ഐ) കീഴിലുള്ള കാഠ്മണ്ഡു മുതല്‍ തിബത്തിലെ കെറൂങ്ങ് വരെയുള്ള റെയില്‍വെ ലൈനും ചൈനയാണ് നിര്‍മ്മിക്കുന്നത്. അതേ സമയം തന്നെ 2015ല്‍ ഉണ്ടായ സാമ്പത്തിക ഉപരോധത്തോടു കൂടി ഈ ഹിമാലയന്‍ രാജ്യത്തില്‍ ഇന്ത്യ വിരുദ്ധ വികാരം കുത്തനെ ഉയരുകയുണ്ടായി. ഇന്ത്യയാണ് ഈ സാമ്പത്തിക ഉപരോധത്തിന് പിറകിലെന്ന് നേപ്പാള്‍ ആരോപിച്ചിരുന്നു. ഈ വികാരം മുതലെടുത്തു കൊണ്ടാണ് ഒലി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തുന്നത്. ഇന്ത്യ നേപ്പാളിന്‍റെ ഏറ്റവും വലിയ വികസന സഹായ പങ്കാളി ആയിട്ടും ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്‌കാരികമായ ബന്ധങ്ങളുമൊക്കെ ഉണ്ടായിട്ടും ഇങ്ങനെ സംഭവിച്ചിരിക്കുന്നു.