കാഠ്മണ്ഡു: പ്രദേശത്തിന്‍റെ സുസ്ഥിരതയും ലോകസമാധാനവും കണക്കിലെടുത്ത് സൗഹൃദ അയൽ രാജ്യങ്ങളായ ഇന്ത്യയും ചൈനയും യഥാർഥ നിയന്ത്രണ രേഖയിലെ അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേപ്പാൾ.
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈന്യം തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് നേപ്പാളിന്‍റെ പ്രസ്താവന. രണ്ട് ഏഷ്യൻ ഭീമൻമാർക്കിടയിലുള്ള ഹിമാലയൻ രാഷ്ട്രം എല്ലായ്‌പ്പോഴും പ്രാദേശികവും ലോകസമാധാനത്തിനും വേണ്ടി ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം നല്ല അയൽവാസിയുടെ മനോഭാവത്തിൽ പരിഹരിക്കപ്പെടുമെന്നും നേപ്പാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.