ഐസ്‌വാൾ: മിസോറാമില്‍ ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആര്‍എഫ്) അഞ്ച് ഉദ്യോഗസ്ഥര്‍ക്കടക്കം ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 197 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 49 സാമ്പിളുകൾ പരിശോധിച്ചതില്‍ നിന്നാണ് ആറ് പേര്‍ക്ക് രോഗം കണ്ടെത്തിയത്.
മിസോറാമില്‍ അഞ്ച് എൻഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 197 ആയി.
ഐസ്‌വാളില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ലുങ്‌വേറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് എൻഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് പുറമെ സിയാഹ ജില്ലയിലെ ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു
ജൂലൈ നാലിന് 10 എൻഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സംസ്ഥാനത്ത് 58 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 139 പേര്‍ ഇതിനോടകം രോഗമുക്തി നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഐസ്‌വാളിലാണ്. ഇവിടെ 24 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.