സ്റ്റാൻഡ്-അപ്പ് കലാകാരിക്കെതിരെ ബലാത്സംഗ ഭീഷണി; നടപടി തേടി ദേശീയ വനിത കമ്മിഷൻ - സ്റ്റാൻഡ് അപ്പ് കൊമേഡിയൻ
നടപടി ആവശ്യപ്പെട്ട് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ശിവാനന്ദനാണ് എൻ.സി.ഡബ്ല്യു കത്തയച്ചത്
ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനായ സ്ത്രീക്കെതിരെ സമൂഹ മാധ്യമത്തിൽ ബലാത്സംഗ ഭീഷണി ഉയർത്തിയ സംഭവത്തിൽ ഗുജറാത്ത് പൊലീസിൽ നിന്നും അടിയന്തര നടപടി തേടി ദേശീയ വനിത കമ്മിഷൻ. ഹാസ്യകലാകാരിയായ സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ശിവാനന്ദനാണ് എൻ.സി.ഡബ്ല്യു കത്തയച്ചത്.
സ്ത്രീകൾക്ക് സുരക്ഷിതമായ ഓൺലൈൻ ഇടം സൃഷ്ടിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും എൻസിഡബ്ല്യു പ്രതിജ്ഞാബദ്ധമാണെന്നും എൻസിഡബ്ല്യു ചെയർപേഴ്‌സൺ രേഖ ശർമ കത്തിൽ പറയുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശർമ്മ അഭ്യർഥിച്ചു.