ന്യൂഡൽഹി: ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാൽ ഡൽഹി എയിംസിലെ ഡോക്ടർമാർ പണിമുടക്കിൽ നിന്നും മാറി നിൽക്കും. അതേസമയം ബംഗാളിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്നും ചർച്ച തത്സമയമായി മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ചർച്ചകൾ പൊതുമധ്യത്തിൽ സംപ്രേഷണം ചെയ്യുന്നതിന്‍റെ നിയമ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ ആവശ്യം നിരസിക്കുകയായിരുന്നു.
സമരം ചെയ്യുന്ന ഡോക്ടർമാർ ഇന്നലെ നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന ജനറൽ ബോഡി മീറ്റിങ് ചേർന്നിരുന്നു. ചർച്ചയുടെ വേദി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നും എന്നാൽ പശ്ചിമ ബംഗാളിലെ എല്ലാ മെഡിക്കർ കോളജുകളിലെയും പ്രതിനിധികളെ ഉൾക്കൊള്ളിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.