ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു മത വിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. എൻആർസി സുപ്രീംകോടതി നിരീക്ഷിച്ചതാണെന്നും ഒരു മതത്തെയും ലക്ഷ്യം വയ്ക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ - അമിത് ഷാ വാർത്ത
എന്‍ആര്‍സി ഒരു മതത്തെയും ലക്ഷ്യം വയ്ക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. എല്ലാ മതത്തിന് കീഴിലുള്ള പൗരന്മാരെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്തുമെന്നും അമിത് ഷാ
എല്ലാ മതത്തിന് കീഴിലുള്ള പൗരന്മാരെയും എൻആർസിയില്‍ ഉൾപ്പെടുത്തും. പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് വ്യത്യസ്തമാണ് എൻആർസിയെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപരമായ പീഡനങ്ങൾ നേരിട്ട ഹിന്ദുക്കൾ, ജൈനന്മാർ, ബുദ്ധമതക്കാർ, സിഖുക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യയുടെ പൗരത്വം നല്‍കുന്നതിന് പൗരത്വ ഭേദഗതി ബില്‍ ആവശ്യമാണ്. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമ്പോൾ അതില്‍ നിന്ന് പുറത്താകുന്നവർക്ക് പ്രാദേശിക അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാണെന്ന് കോൺഗ്രസ് എം.പി സുബ്ബരാമി റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി അമിത് ഷാ അറിയിച്ചു. ചില പ്രദേശങ്ങളില്‍ മാത്രം രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രം കൃത്യ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. താഴ്വരയില്‍ പാക് പ്രകോപനങ്ങൾ ശക്തമായത് കൊണ്ട് തന്നെ സുരക്ഷ ക്രമീകരണങ്ങൾക്കാണ് മുൻഗണന നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ശേഷം പൊലീസ് വെടിവെയ്പ്പില്‍ ഒരാൾ പോലും മരിച്ചിട്ടില്ലെന്ന് ഗുലാം നബി ആസാദിന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സഭയില്‍ അവതരിപ്പിച്ച ഈ വസ്തുകൾ തെറ്റാണെന്ന് തെളിയിക്കാൻ ഗുലാം നബി ആസാദിനെ വെല്ലുവിളിക്കുന്നുവെന്നും വിഷയത്തില്‍ ഒരു മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.