സിഡ്‌നി: ജനുവരി ഏഴിന് ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ നോക്കുന്ന ഒരു കാര്യമുണ്ട്. അവസാന ഇലവനില്‍ ടി. നടരാജൻ എന്ന പേരുണ്ടോ എന്നാകും അത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തിയായ ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സിയില്‍ നടരാജൻ കളിച്ചാല്‍ അത് വെറുമൊരു ഭാഗ്യമല്ല. കഠിനാധ്വാനത്തിനുള്ള ഫലത്തിന്‍റെയും അതിലുപരി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് അഭിമാനത്തിന്‍റെയും നിമിഷമാകും. തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള ചെറിയ ഗ്രാമത്തില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്‍റെ നെറുകയിലേക്ക് പന്ത് എറിയുകയാണ് തങ്കരസു നടരാജൻ.
ടീം ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സിയില്‍ അഭിമാനത്തോടെ നടരാജൻ
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തിയായ ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സിയില്‍ നടരാജൻ കളിച്ചാല്‍ അത് വെറുമൊരു ഭാഗ്യമല്ല. കഠിനാധ്വാനത്തിനുള്ള ഫലത്തിന്‍റെയും അതിലുപരി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് അഭിമാനത്തിന്‍റെയും നിമിഷമാകും.
നടരാജന് ആഭ്യന്തര, ഫസ്റ്റ് ക്ലാസ് പരിചയം എത്രത്തോളം ഉണ്ടെന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ നെറ്റ്‌സില്‍ പന്തെറിയാൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയ പയ്യൻ ടി -20 ടീമിലും പിന്നീട് ഏകദിന ടീമിലും കളിച്ചപ്പോൾ നേരത്തെ പറഞ്ഞ പരിചയക്കുറവുണ്ടായില്ല. പകരം ടീം ഇന്ത്യയുടെ ടി-20 പരമ്പര വിജയത്തില്‍ നടരാജൻ നിർണായ ശക്തിയാകുകയും ചെയ്തു. ഇപ്പോഴിതാ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നടരാജൻ ടെസ്റ്റ് ടീമിലും ഇടം പിടിച്ചിരിക്കുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടരാജൻ ഇങ്ങനെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നു. " വെള്ള ജേഴ്‌സി ധരിക്കാൻ സാധിച്ചത് അഭിമാനമാണ്. അടുത്ത സെറ്റ് വെല്ലുവിളികൾക്ക് തയ്യാർ". ജനുവരി ഏഴിന് ജസ്‌പ്രീതം ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഒപ്പം നടരാജൻ കൂടി കളിച്ചാല്‍ അത് ചരിത്രമാകും. അവസാന പ്ലേയിംങ് ഇലവനില്‍ ഷാർദുല്‍ താക്കൂർ, നവദീപ് സെയ്‌നി എന്നിവരെ മറികടന്നു വേണം നടരാജന് ഇടം കണ്ടെത്താൻ. സിഡ്‌നിയിലെ അന്തരീക്ഷത്തില്‍ കൂടുതല്‍ സ്വിംഗ് കണ്ടെത്താൻ കഴിയുന്ന താക്കൂർ, ഓസീസ് ബാറ്റ്സ്‌മാനെ വേഗം കൊണ്ട് വിറപ്പിക്കാൻ കഴിയുന്ന സെയ്‌നി എന്നിവരേക്കാൾ ടെസ്റ്റില്‍ മത്സര പരിചയമില്ലാത്ത നടരാജന് അവസരം ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കണം. പേസർമാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർക്ക് പരിക്കേറ്റതോടെയാണ് നടരാജനും സിറാജിനും ടീമിലെത്താൻ അവസരം ലഭിച്ചത്.