കേരളം

kerala

ETV Bharat / bharat

'നമസ്തേ ട്രംപ്' അഹമ്മദാബാദില്‍ അലയടിക്കുന്നു

ഫെബ്രുവരി 24, 25 ദിവസങ്ങളിലായാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്

namasthe trump this time in ahmedabad  'നമസ്തേ ട്രംപ്'  'നമസ്തേ ട്രംപ്' അഹമ്മദാബാദില്‍  trump india visit
'നമസ്തേ ട്രംപ്'

By

Published : Feb 20, 2020, 11:43 PM IST

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24ന് ഇന്ത്യയില്‍ എത്തും. ഭാര്യ മെലാനിയയോട് ഒപ്പം എത്തുന്ന പ്രസിഡന്‍റ് ട്രംപ് അഹമ്മദാബാദില്‍ വിമാനം ഇറങ്ങും. അമേരിക്കന്‍ ഭരണാധികാരിയെ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഒരുപക്ഷേ മുന്‍പ് ആര്‍ക്കും കിട്ടാത്ത വരവേല്‍പ്പാകും ട്രംപിന് ലഭിക്കുക. വളരെ ആഹ്ളാദത്തോടെയാണ് തന്‍റെ ഇന്ത്യന്‍ സന്ദര്‍ശന വിവരം ഫെബ്രുവരി 12ന് വാഷിങ്ടണില്‍ വച്ച് ട്രംപ് പ്രഖ്യാപിച്ചത്. താനും പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് ഒരു ലക്ഷത്തില്‍ പരം വരുന്ന ജനസാഗരത്തെ പുതുതായി പണിതീര്‍ത്ത സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വച്ച് അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം ലോകത്തോട് പങ്കിട്ടിരുന്നു.

ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യവസായ കരാറും പ്രതിരോധ സംഭരണ കരാറും ന്യൂഡല്‍ഹിയില്‍ വച്ച് ധാരണയാകും. രണ്ടു രാഷ്ട്രനേതാക്കന്മാരും പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി വിഷയങ്ങളും അന്തര്‍ദേശീയവും പ്രദേശികവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അറുപതോളം ഉന്നതതല സംഭാഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വരുന്നു എന്നതാണ്. ഈ സംവിധാനത്തിന്‍റെ ഭാഗമായ 2+2 മന്ത്രിതല ചര്‍ച്ചയുടെ രണ്ടാം ഘട്ടം, അതായത്, രണ്ടു രാജ്യങ്ങളുടെയും പ്രതിരോധ വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഡിസംബര്‍ അവസാനമാണ് നടന്നത്.

2016 ജൂണിൽ ഇന്ത്യയും അമേരിക്കയും ഗ്ലോബല്‍ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പിന് തുടക്കം കുറിച്ചിരിന്നു. അതിനുപുറമെ തങ്ങളുടെ അടുത്ത സഖ്യകക്ഷി എന്ന പ്രഖ്യാനത്തിനു തുല്യമായി ഇന്ത്യയെ ഒരു ‘പ്രധാന പ്രതിരോധ പങ്കാളി’ എന്നും യു‌എസ് വിശേഷിപ്പിച്ചിരുന്നു. 2005 ന് മുന്‍പ് എകദേശം 40 വർഷത്തോളം ഇന്ത്യ യുഎസിൽ നിന്ന് പ്രതിരോധ ഉപകരണങ്ങളൊന്നും ഇറക്കുമതി ചെയ്തിരുന്നില്ല. പക്ഷേ 2005 ന് ശേഷമുണ്ടായ 15 വർഷം കൊണ്ട് യു‌എസ് ഇന്ത്യയുടെ രണ്ടാമത്തെ വലിയ പ്രതിരോധ പങ്കാളിയായി മാറി. 15 കൊല്ലം കൊണ്ട് ഇന്ത്യ 18 ബില്ല്യണ്‍ ഡോളര്‍ വരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയില്‍ നിന്നും വാങ്ങിയെന്നാണ് കണക്ക്. നിരവധി സമാന പദ്ധതികളും ഇതോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഡിസംബര്‍ 1971ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന്‍ ഇന്ത്യയെ പാകിസ്ഥാന് എതിരായുള്ള ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ സഹായിക്കുന്നതില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ യുഎസ് നാവികസേനയെ യുഎസ്എസ് എന്‍റര്‍പ്രൈസ് എന്ന വിമാനവാഹിനി കപ്പലിന്‍റെ നേതൃത്വത്തില്‍ ബംഗാള്‍ ഉല്‍കടലിലേക്ക് അയച്ചു എന്നത് അവിശ്വസനീയമാണ്.

എന്നിരുന്നാലും, 1998 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ആണവപരീക്ഷണം രാജ്യത്തിന് എതിരായി ഹ്രസ്വകാലത്തേക്ക് തിരിയാന്‍ യു‌എസിനെ പ്രേരിപ്പിച്ചിരുന്നു. ആണവ പരീക്ഷണത്തിന് മറുപടിയായി ഇന്ത്യക്കെതിരെ യു‌എസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പക്ഷേ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങും യു‌എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രെട്ടറി സ്ട്രോബ് ട്ടാല്‍ബോട്ടും തമ്മില്‍ നടത്തിയ വിപുലമായ നയതന്ത്ര സംഭാഷണങ്ങള്‍ രണ്ടുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കുന്നതില്‍ വിജയം കണ്ടു. 1998നും 2000ത്തിനും ഇടയില്‍ ട്ടാല്‍ബോട്ടും സിങ്ങും മൂന്നു ഭൂഖണ്ഡങ്ങളിലെ ഏഴു രാജ്യങ്ങളില്‍ വച്ചായി 14 തവണ കൂടിക്കാഴ്‌ച നടത്തി. തൽഫലമായി 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2000 മാർച്ചിൽ യു‌എസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെ അഞ്ച് ദിവസത്തെ സന്ദർശനം ഇന്ത്യ - യുഎസ് ബന്ധത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ടു.

1974ല്‍ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് മറുപടിയായി ആണവ രാജ്യങ്ങളുടെ സംഘടനയായ ആണവ വിതരണ ഗ്രൂപ് (എന്‍‌എസ്‌ജി) നിലല്‍വില്‍ വന്നിരുന്നു. യു‌എസ് പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് 1998ലെ ആണവ പരീക്ഷണത്തിന് അടിസ്ഥാനമായി ഇന്ത്യക്ക് എന്‍‌എസ്‌ജിയില്‍ നിന്നും പ്രത്യേക ഇളവ് ലഭിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇളവ് നല്‍കുന്നതില്‍ ചൈന തുടക്കത്തില്‍ വിമുഖത കാണിച്ചിരുന്നെങ്കിലും, പ്രസിഡന്‍റ് ബുഷും ചൈനയുടെ അന്നത്തെ തലവന്‍ ആയിരുന്ന ഹൂ ജിന്താവോയും വിഷയം ഫോണില്‍ ചർച്ച ചെയ്തു തീര്‍പ്പാക്കി. 2008 സെപ്റ്റംബർ ആറിനു എൻ‌എസ്‌ജിയിൽ നിന്ന് ഇന്ത്യക്ക് പ്രത്യേക ഇളവ് ലഭികുക വഴി ഏത് രാജ്യവുമായും ആണവ വ്യാപാരത്തിൽ ഏർപ്പെടാൻ അനുമതി ലഭിച്ചു. 2006 മാർച്ച് 3ന് ന്യൂഡൽഹിയിൽ സംസാരിച്ച ബുഷ് ഇങ്ങനെ പ്രസ്താവിച്ചു -- “അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാളും അടുത്തിരിക്കുന്നു, നമ്മുടെ സ്വതന്ത്ര രാഷ്ട്രങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന് ലോകത്തെ പരിവർത്തനം ചെയ്യാനുള്ള ശക്തിയുണ്ട്."

2008ല്‍ യു‌എസ് പ്രസിഡന്‍റായ ബറാക്ക് ഒബാമ 2010 നവംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ യുഎൻ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിര അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. “ഏഷ്യയിലും ലോകമെമ്പാടും, ഇന്ത്യ കേവലം ഉയര്‍ന്നു വരുന്ന ഒരു രാജ്യമല്ല,” അദ്ദേഹം അഭിപ്രായപ്പെടുകയും, ഇന്ത്യ ഒരു വികസിത രാജ്യമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1950 ഓഗസ്റ്റിൽ യുഎൻ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിര അംഗത്വത്തെ പിന്തുണയ്ക്കാൻ യുഎസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കമ്മ്യൂണിസ്റ്റ് ചൈനയാണ് ആ സ്ഥാനത്തിന് മികച്ച അവകാശവാദി എന്ന നിലപാടാണ് സ്വീകരിച്ചത്.

നിലവില്‍ ഇന്ത്യ-യുഎസ് ബന്ധങ്ങൾ ഭാവനയ്ക്ക് അതീതമായി മാറിയിരിക്കുന്നു. രണ്ടു ജനാധിപത്യ രാജ്യങ്ങൾ എന്നതിലുപരി ദൃഢബന്ധമുള്ള സുഹൃത്തുക്കളായി മാറി. ഈ മാറ്റത്തിന് കാരണമായത് എന്താണ്? ഇതിന് പല ഘടകങ്ങള്‍ ബാധകം ആണ്. ഇന്ത്യന്‍ ജനാധിപത്യവും, ബഹുസ്വരതയും, സാമ്പത്തിക വളര്‍ച്ചയും, വിപണിയും, പ്രവാസികളുടെ സ്വാധീനവും വലിയ പരിധി വരെ ഈ നേട്ടത്തിന് ബാധകമായി എന്നു വേണം മനസിലാക്കാന്‍. ഇന്ത്യയുടെ ഉയര്‍ച്ചയെ അമേരിക്ക സ്വാഗതം ചെയ്യുമ്പോള്‍ തന്നെ രണ്ടു രാജ്യങ്ങളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള താൽപര്യങ്ങളില്‍ വ്യതിചലനങ്ങള്‍ വരുന്നില്ല എന്നതും ശ്രദ്ധേയമായ വിഷയം തന്നെ.

-വിഷ്ണു പ്രകാശ്

(വിഷ്ണു പ്രകാശ് ദക്ഷിണ കൊറിയയിലെയും, കാനഡയിലെയും മുൻ സ്ഥാനപതിയും, വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവും, വിദേശകാര്യ വിദഗ്ധനും എഴുത്തുകാരനുമാണ്)

ABOUT THE AUTHOR

...view details