മുംബൈ:രാജ്യം വിറങ്ങലിച്ച 26/11. മുംബൈ ഭീകരാക്രമണം നടന്നിട്ട് വ്യാഴാഴ്‌ച 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2008 നവംബർ 26 നാണ് ആക്രമണം നടന്നത്. പാകിസ്ഥാനിൽ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
അന്നത്തെ എടിഎസ് മേധാവി ഹേമന്ത് കർക്കറെ, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പൊലീസ് കമ്മീഷണർ അശോക് കാംതെ, മുതിർന്ന പൊലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 60 മണിക്കൂറാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നത്. എൻഎസ്‌ജിയുടെ ശക്തമായ തിരിച്ചടിയില്‍ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്‌തിരുന്നു. ജീവനോടെ പിടിച്ച അജ്‌മല്‍ കസബിനെ 2012 നവംബര്‍ 21 ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.