മുംബൈ: ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ) അഴിമതി ആരോപണത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. കേസന്വേഷണം നടത്തുന്ന പൊലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സിഐയു) മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.
ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്: മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു - charge sheet in a court
കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ വിതരണ മേധാവിയും മറ്റ് രണ്ട് ചാനലുകളുടെ ഉടമകളും ഉൾപ്പെടെ 12 പേരെ ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി ടിആർപി റേറ്റിങ് പെരുപ്പിച്ചു എന്നതാണ് കേസ്. ഒക്ടോബർ ആറിനാണ് ഇത് സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചാനലുകളുടെ പ്രധാന വരുമാനം പരസ്യങ്ങൾ ആണെന്നിരിക്കെ ടിആർപി നിരക്ക് അതിപ്രധാനമാണ്. ബാരോമീറ്റർ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാൻസ് റിസർച് ഗ്രൂപ്പ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അടക്കം 12 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ നഗരത്തിൽ ടിആർപി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാൻസ് റിസർച് ഗ്രൂപ്പ് ബാരോമീറ്റർ സ്ഥാപിച്ചത്. വീടുകളിൽ ആളുകൾ ഇല്ലാത്തപ്പോഴും പ്രത്യേക ചാനലുകൾ തുറന്ന് വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം പറ്റിയ നാല് ചാനൽ ഉപഭോക്താക്കൾ കേസിൽ സാക്ഷികളാണ്. ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.