മുംബൈ:അറബിക്കടലില്‍ രൂപംകൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ത്യൻ തീരം തൊട്ടു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റ് മഹാരാഷ്‌ട്ര തീരത്താണ് ആദ്യമെത്തിയത്. അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്‌ക്ക് ശേഷം മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള അലിഗാര്‍ തീരത്താണ് നിസര്‍ഗ ആദ്യമെത്തിയത്. പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് മുംബൈയിലെത്തി. അലിബാഗില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിനൊപ്പം, കനത്ത മഴയുമുണ്ട്. സമാന സ്ഥിതിയാണ് മുംബൈയിലും. നിലവില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് മുംബൈയില്‍ കാറ്റടിക്കുന്നത്. മഹാരാഷ്‌ട്രയുടെ വടക്കന്‍ തീരത്ത് കടല്‍ക്ഷോഭം ശക്തമാണ്. താനെ, പുണെ, റായ്‍ഗഡ്, പാല്‍ഘര്‍, കൊങ്കണ്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയുമുണ്ട്.
കരതൊട്ട് നിസര്‍ഗ; വിറങ്ങലിച്ച് മുംബൈ - നിസര്‍ഗ വാര്‍ത്തകള്‍
നിലവില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് മുംബൈയില്‍ കാറ്റടിക്കുന്നത്. മഹാരാഷ്‌ട്രയുടെ വടക്കന്‍ തീരത്ത് കടല്‍ക്ഷോഭം ശക്തമാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരു ലക്ഷം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കാറ്റിന്‍റെ സഞ്ചാര പാതയിലുള്ള വ്യവസായ ശാലകളും പവര്‍ പ്ലാന്‍റുകളും അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദാക്കി. കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിനും നിയന്ത്രണമുണ്ട്. മഹാരാഷ്ട്രയ്‌ക്ക് പുറമെ ഗോവ, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ദുരന്തനിവാരണസേനയുടെ 31 യൂണിറ്റുകളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.