കേരളം

kerala

ETV Bharat / bharat

24 വർഷം നീണ്ട രാഷ്ട്രീയ വൈരത്തിന് വിരാമമിട്ട് മുലായം സിംഗും മായാവതിയും - തെരഞ്ഞെടുപ്പ്

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന പ്രചാരണ പിരിപാടിയിൽ മുലായം സിങ് യാദവും മായാവതിയും വേദി പങ്കിട്ടു. ഇത് അന്ത്യം കുറിച്ചത് 25 വർഷത്തോളം നീണ്ടു നിന്ന രാഷ്ട്രീയ വൈരത്തിനാണ്.

ഫയൽ ചിത്രം

By

Published : Apr 19, 2019, 8:13 PM IST

Updated : Apr 19, 2019, 11:46 PM IST

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ മുലായം സിങ് യാദവും മായാവതിയും വേദി പങ്കിട്ടപ്പോൾ വിരാമമായത് 25 വർഷത്തോളം നീണ്ട രാഷ്ട്രീയ വൈരത്തിനാണ്.

മെയിൻപുരിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന മുലായം സിങിനു വേണ്ടി വോട്ടഭ്യർഥിക്കാനാണ് മായാവതി എത്തിയത്. ബിജെപിയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റാലിയിലാണ് ഇരു നേതാക്കളും വേദി പങ്കിട്ടത്. മുൻപു നടന്ന മൂന്ന് സംയുക്ത റാലികളിലും മുലായം സിങ് പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ 15 വർഷങ്ങളായി മെയിൻപുരി മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത് മുലായം സിങ് യാദവാണ്. ഇത്തവണയും മുലായം സിങ് തന്നെയാണ് മെയിൻപുരിയിൽ ജനവിധി തേടുന്നത്.

തന്നെ പിന്തുണയ്ക്കാൻ എത്തിയ മായാവതി ബഹുമാനപൂർവം സ്വാഗതം ചെയ്യുന്നു എന്ന് മുലായം സിങ് പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ നേതാവാണ് മുലായം സിങ് എന്ന് മായാവതി വേദിയിൽ പറഞ്ഞു. മോദിയെപ്പോലെ ഒരു വ്യാജ പിന്നാക്ക നേതാവല്ല മുലായം. മോദി പിന്നാക്ക പ്രതിച്ഛായയിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുലായം സിങ് ഉത്തർപ്രദേശിലെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ഇനി വരുന്ന തെരഞ്ഞെടുപ്പിലും എല്ലാവരും മുലായം സിങിനു തന്നെ വോട്ട് നൽകും എന്ന് തനിക്ക് പൂർണ പ്രതീക്ഷയുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു.

ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാൻ രൂപം കൊണ്ട ഭരണമുന്നണി 1995ൽ പൊളിഞ്ഞതോടെയാണ് മുലായം സിങും മായാവതിയും തമ്മിൽ അകന്നത്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം ചേരാൻ മായാവതി തീരുമാനിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മായാവതി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ എത്തി മായാവതിയെ സമാജ്വാദി പാർട്ടി പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു.

വർഷങ്ങൾക്കു ശേഷം അഖിലേഷ് യാദവ് പാർട്ടി തലപ്പത്തെത്തിയ ശേഷമാണ് മായാവതിയുമായി വീണ്ടും ധാരണയിലെത്താൻ തീരുമാനമായത്. ഈ സഖ്യത്തോടെ ബിജെപി ശക്തി കേന്ദ്രങ്ങളായ കൈറാന, ഗോരഖ്പൂർ, പുൽപുർ എന്നിവടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണി വിജയം കണ്ടു.

Last Updated : Apr 19, 2019, 11:46 PM IST

ABOUT THE AUTHOR

...view details