ഭോപാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ഞായറാഴ്ച റിക്‌ടർ സ്കെയിലിൽ 4.3, 2.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 1.45നായിരുന്നു ആദ്യ ഭൂചലനം.
സിയോണി നഗരത്തിന് സമീപം 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ (ഐഎംഡി) ഭോപാൽ സെന്‍റർ ശാസ്ത്രജ്ഞൻ വേദ് പ്രകാശ് സിംഗ് പറഞ്ഞു. അതേ സമയം രാവിലെ 6.23 ന് 2.7 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു.
പുലർച്ചെ 1.45ന് ഉണ്ടായ ആദ്യത്തെ ഭൂചലനത്തിൽ വീട്ടിലെ വാതിലുകൾ, ജനാലകൾ, എന്നിവയ്ക്ക് കേടുപാടുകൾ പറ്റിയതായി പ്രദേശവാസിയായ പ്രവീൺ തിവാരി പറഞ്ഞു. സിയോണിയിലെയും ജില്ലയുടെ മറ്റ് ഭാഗങ്ങളിലെയും പ്രദേശവാസികൾ ഭൂചലനത്തെ തുടർന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടിയതായ് ദൃക്‌സാക്ഷികൾ പറഞ്ഞു."ആളുകൾ പുറത്തേക്കിറങ്ങി രാത്രി മുഴുവൻ വീടുകൾക്ക് പുറത്ത് താമസിച്ചു," തിവാരി പറഞ്ഞു.
പൊലീസ്, ഹോം ഗാർഡുകൾ, ആരോഗ്യ, ഭരണ ഉദ്യോഗസ്ഥർ എന്നിവരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല കലക്ടർ രാഹുൽ ഹരിദാസ് പറഞ്ഞു. ഒക്ടോബർ 27 മുതൽ ജില്ലയിൽ തീവ്രത കുറഞ്ഞ നാല് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.