ഭോപ്പാല്‍:ഛപാക്കിലെ മികച്ച പ്രകടനത്തിന് ബോളിവുഡ് നടി ദീപിക പദുക്കോണിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‌മി അഗര്‍വാളിന്‍റെ യഥാര്‍ഥ ജീവിതം പറയുന്ന സിനിമയാണ് വെള്ളിയാഴ്‌ച പുറത്തിറങ്ങിയ ഛപാക്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദീപിക പദുക്കോണിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ - ഐഐഎഫ്‌എ
ദീപിക പദുക്കോണിന്‍റെ പുതിയ ചിത്രമായ ഛപാക്കിനെ നികുതിരഹിത ചലച്ചിത്രമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.
ജെഎന്‍യു അക്രമത്തിനെതിരെ വിദ്യാര്‍ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ ചില സംസ്ഥാനങ്ങളില്‍ ദീപികയുടെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതിരഹിത സിനിമയായാണ് ഛപാക് പ്രദര്‍ശിപ്പിക്കുന്നത്. മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരും ഇതിന്‍റെ ഭാഗമായി ഛപാക്കിനെ നികുതിരഹിത ചലച്ചിത്രമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന ഇന്‍റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ ഛപാക്കിലെ അഭിനയത്തിന് ദീപികയെ ആദരിക്കാനൊരുങ്ങുന്നത്. മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് മന്ത്രി പി.സി.ശര്‍മയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 21 വരെയാണ് ഐഐഎഫ്‌എ അവാര്‍ഡ് ദാന ചടങ്ങ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കുന്നത്.