ജബല്‍പൂര്‍: സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് രംഗത്ത്. പീഡനങ്ങളുടെ കാര്യത്തില്‍ മധ്യപ്രദേശ് ഇന്ത്യയുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ്. വിവിധ പ്രശ്‌നങ്ങളാല്‍ കര്‍ഷകരും യുവാക്കളും അസംതൃപ്‌തമായി ഇരിക്കുന്ന സംസ്ഥാനത്ത് ഇപ്പോള്‍ സ്‌ത്രീകളും സുരക്ഷിതരല്ലാതായിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ മേഖലയും പ്രശ്‌നത്തിലാണെന്നും കമല്‍നാഥ് ജബല്‍പൂരില്‍ പറഞ്ഞു. ജബല്‍പൂരിലെ ബംഗ്ലാമുഖി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയതായിരുന്നു കമല്‍നാഥ്. ഒരു മാസത്തിനുള്ളില്‍ മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
മധ്യപ്രദേശ് പീഡനങ്ങളുടെ തലസ്ഥാനമായെന്ന് കമല്‍നാഥ്
കഴിഞ്ഞ ഏഴ് മാസമായി ശിവരാജ് സിങ് ചൗഹാൻ സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പകരം വീട്ടുമെന്നും മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറഞ്ഞു
"മധ്യപ്രദേശ് ഒരു മുങ്ങുന്ന കപ്പലായിക്കൊണ്ടിരിക്കുകയാണ്. രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഫലമാണിത്. ജനാധിപത്യവും ഭരണഘടനയും സംസ്ഥാനത്ത് മുങ്ങിത്താഴുന്നു. ദേവിക്ക് മാത്രമേ ഇനി മധ്യപ്രദേശിനെ രക്ഷിക്കാനാകു. എനിക്ക് മധ്യപ്രദേശിലെ ജനങ്ങളെ വിശ്വാസമുണ്ട്. 15 വര്‍ഷത്തിന് ശേഷം 2018 ല്‍ ബിജെപിയെ തിരസ്‌കരിച്ചവരാണിവര്‍. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കും. കഴിഞ്ഞ ഏഴ് മാസമായി ശിവരാജ് സിങ് ചൗഹാൻ സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ജനങ്ങള്‍ വിഡ്ഢികളല്ല. കബളിപ്പിക്കപ്പെട്ടതിന് അവര്‍ പകരം വീട്ടും".- കമല്‍നാഥ് പറഞ്ഞു. നവംബര്‍ മൂന്നിനാണ് 28 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.