എഞ്ചിനീയറിങ്ങില്‍ ബിരുദം: കൊവിഡ് കാലത്ത് തൊഴിലുറപ്പ് ജോലി - ലോക്ക് ഡൗണ്‍
2019 ല്‍ സിവില്‍ എഞ്ചിനിയറിങ് ബിരുദം സ്വന്തമാക്കിയ സച്ചിൻ യാദവ് എന്ന 24കാരൻ സർക്കാർ ഉദ്യോഗം സ്വപ്നം കണ്ട് പരിശീലനത്തിന് പോകാന്‍ തുടങ്ങുമ്പോഴാണ് കൊവിഡെത്തുന്നത്. അതോടെ പഠനം മുടങ്ങി.
ഇന്‍ഡോര്‍: കൊവിഡിന് പിന്നാലെ ലോക്ക് ഡൗണ്‍ വന്നതോടെ രാജ്യത്ത് പലര്‍ക്കും ജോലി നഷ്‌ടപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വരുമാനമില്ലാതെ കഷ്‌ടപ്പെട്ടപ്പോള്‍ വൈറ്റ് കോളര്‍ ജോലി സ്വപ്‌നം മാറ്റിവച്ച് കൂലിപ്പണിക്കിറങ്ങി. ഇത്തരത്തിലൊരു കാഴ്‌ചയാണ് ഇന്‍ഡോറിലുള്ളത്. 2019 ല്‍ സിവില്‍ എഞ്ചിനിയറിങ് ബിരുദം സ്വന്തമാക്കിയ സച്ചിൻ യാദവ് എന്ന 24കാരൻ സർക്കാർ ഉദ്യോഗം സ്വപ്നം കണ്ട് പരിശീലനത്തിന് പോകാന്‍ തുടങ്ങുമ്പോഴാണ് കൊവിഡെത്തുന്നത്. അതോടെ പഠനം മുടങ്ങി. കയ്യിലുള്ള എഞ്ചിനിയറിങ് ബിരുദം ഉപയോഗിച്ച് ജോലി അന്വേഷിച്ചിട്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. ഒടുവില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ തൊഴിലുറപ്പ് ജോലി ചെയ്യാന്‍ തീരുമാനിച്ചു. ഇന്‍ഡോറില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഗോവധി എന്ന ഗ്രാമത്തില്‍ കുളം കുഴിക്കുകയാണ് സച്ചിൻ. ദിവസം എട്ട് മണിക്കൂര്‍ ജോലി ചെയ്‌താല്‍ 190 രൂപ സച്ചിന് കിട്ടും. ഒരു ജോലിയും ചെറുതല്ലെന്ന കാഴ്‌ചപ്പാടാണ് തനിക്കെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെയൊരു ജോലിയെങ്കിലും കിട്ടിയത് തന്‍റെ ഭാഗ്യം കൊണ്ടാണെന്നുമാണ് സച്ചിന്‍റെ പക്ഷം. സച്ചിനൊപ്പം സയൻസിലും ആര്‍ട്ടിസിലും ബിരുദമുള്ള 15 ചെറുപ്പക്കാരും തൊഴിലുറപ്പ് ജോലി ചെയ്യുന്നുണ്ട്.