ലക്നൗ: ആംബുലൻസ് കിട്ടാത്തതിനാൽ മകന്‍റെ മൃതദേഹം കൈകളിൽ ചുമക്കേണ്ടി വന്നിരിക്കുകയാണ് ഷഹജൻപൂരിൽ ഒരു അമ്മക്ക്. ഷഹജൻപൂർ ജില്ല ആശുപത്രി അധികൃതരാണ് സൗജന്യ ആംബുലൻസ് സേവനം ദരിദ്ര കുടുംബത്തിന് നിരസിച്ചത്.
ആംബുലൻസ് ലഭിച്ചില്ല ; കുട്ടിയുടെ മൃതദേഹവുമായി അമ്മ റോഡിൽ - MOTHER
ഷഹജൻപൂർ ജില്ല ആശുപത്രി അധികൃതരാണ് സൗജന്യ ആംബുലൻസ് സേവനം ദരിദ്ര കുടുംബത്തിന് നിരസിച്ചത്
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഒൻപത് വയസ്സുള്ള അഫ്രോസിനെ മാതാപിതാക്കൾ ജില്ല ആശുപത്രിയിലാക്കി. മെച്ചപ്പെട്ട ചികിത്സക്ക് ആശുപത്രി മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് ശ്രമിക്കുമ്പോഴേക്കും അവരുടെ പൊന്നോമന മരണത്തിന് കീഴടങ്ങിയിരുന്നു.
സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കുടുംബം മൃതദേഹം വഹിക്കാൻ ആശുപത്രി ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ അധികൃതർ തയ്യാറായില്ല. വാഹനസൗകര്യം ലഭ്യമാകാതെ വന്നപ്പോൾ അഫ്രോസിന്‍റെ മാതാവ് മകന്‍റെ മൃതദേഹം കൈകളിലേന്തി റോഡിലൂടെ നടന്നു.
എങ്കിലും ആശുപത്രിയിലെ അടിയന്തര ചികിത്സാ ഉദ്യോഗസ്ഥൻ അനുരാഗ് പരേശർ മാതാപിതാക്കളുടെ ആരോപണങ്ങൾ നിരസിച്ചു. കുട്ടിയുടെ മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടും ഏതോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് മാതാപിതാക്കൾ ചെയ്തതെന്ന് ചികിത്സാ ഉദ്യോഗസ്ഥൻ അനുരാഗ് പരേശർ ആരോപിച്ചു.
ഏകദേശം ഒമ്പത് മണിയോടെ ആശുപത്രിയിൽ നിന്നും കുട്ടിയെ മാതാപിതാക്കൾ കൊണ്ടുപോയി. വഴിയിൽ എവിടെയോ വച്ച് കുട്ടിക്ക് മരണം സംഭവിച്ചിട്ടും ആശുപത്രിയിലേക്ക് തിരിച്ചുവരാൻ അവർ തയ്യാറായില്ല എന്നാണ് അധികൃതരുടെ ആക്ഷേപം.