പെരുമാറ്റ ചട്ടം; ഡല്‍ഹിയില്‍ ആറ് കോടി രൂപ പിടിച്ചെടുത്തു - ഡല്‍ഹി
പലസ്ഥലത്തായി നടത്തിയ റെയ്‌ഡില്‍ ഇതുവരെ 6.39 കോടിയോളം പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൺബീര്‍ സിങ് പറഞ്ഞു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനു പിന്നാലെ ഡല്‍ഹിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ആറ് കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ ഒരു കോടി രൂപയോളം ആദായ നികുതി വകുപ്പാണ് പിടിച്ചെടുത്തത്. പലസ്ഥലത്തായി നടത്തിയ റെയ്‌ഡില്‍ ഇതുവരെ 6.39 കോടിയോളം പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൺബീര്‍ സിങ് പറഞ്ഞു. കൂടാതെ 130 അനധികൃത ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ 110 കേസുകൾ രജിസ്റ്റര്‍ ചെയ്‌തതായും 123 പേരെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. സിആര്‍പിസി നിയമപ്രകാരം 1437 പേര്‍ക്കെതിരെ നടപടി എടുത്തു. കൂടാതെ ഡല്‍ഹി പൊലീസ് നിയമപ്രകാരം 32131 പേര്‍ക്കെതിരെ നടപടി എടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘം ഇതുവരെ നടത്തിയ റെയ്‌ഡില്‍ 309 പേരെ അറസ്റ്റ് ചെയ്‌തു.