ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് രാഷ്ട്രീയ നേട്ടമാക്കാൻ ഒരുങ്ങി ബിജെപി ദേശീയ നേതൃത്വം. പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെമെന്ന വാദം ഇന്ത്യ ശക്തമാക്കിയത്. 2001 ൽ കശ്മീർ നിയമസഭയിലും ഇന്ത്യൻ പാർലമെന്‍റിലും മസൂദിന്‍റെ നേതൃത്വത്തിൽ ഭീകരാക്രമണം നടത്തിയിരുന്നു. പിന്നീട് 2008ൽ മുംബൈ ഭീകരാക്രമണവും 2016ൽ പഠാൻ കോട്ട് ആക്രമണവും ജെയ്ഷെ മുഹമ്മദ് നടത്തി.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷ പറഞ്ഞു നേട്ടം കൊയ്യാൻ ശ്രമിച്ച ബിജെപി തങ്ങളുടെ നയതന്ത്ര വിജയമായിട്ടാകും യുഎന്നിന്‍റെ പുതിയ നീക്കം ഉയർത്തിക്കാട്ടുക. യു എൻ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രധാനമന്ത്രിയുടെ നയതന്ത്ര മിന്നലാക്രമണമാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.
അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന നിരന്തരാവശ്യത്തിന് കടിഞ്ഞാണായി നിന്നത് ചൈനയുടെ വിരുദ്ധ നിലപാടായിരുന്നു. പാകിസ്ഥാന്‍റെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ ജയ്ഷെ മുഹമ്മദിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളുമായി ചൈന സന്ദർശിച്ചിരുന്നു.
റാഫേലിനും കാർഷിക പ്രശ്നങ്ങൾക്കും വഴിമാറാതെ ദേശീയ സുരക്ഷയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കെട്ടിയിടാൻ ബിജെപിക്ക് വലിയ സാധ്യതയാണ് യു എൻ പ്രഖ്യാപനമെന്നതിൽ സംശയമില്ല. ഏഴു ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിൽ ഇനിയും മൂന്ന് ഘട്ടങ്ങൾ ബാക്കിയുണ്ട്.
ഏപ്രിൽ 30നകം നടപടി വേണമെന്ന യുഎൻ അന്ത്യശാസനത്തിന് പിന്നാലെയാണ് ചൈന അനുകൂല നിലപാടിലെത്തിയത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ വലിയ പങ്ക് വഹിക്കുന്നെന്നും ചൈന പ്രതികരിച്ചിരുന്നു.