ട്രംപിന്‍റെ സന്ദര്‍ശനം അവസാനഘട്ടത്തില്‍; ഇനി നിര്‍ണായക ചര്‍ച്ചകള്‍ - ഡൊണാള്‍ഡ് ട്രംപ്
പ്രതിരോധം, സുരക്ഷ, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ ഒപ്പിടുക.
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള നിര്‍ണായക കൂടിക്കാഴ്‌ച ഇന്ന്. ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന് ട്രംപ് - മോദി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഉഭകക്ഷി ഇടപാടുകള്‍ ചര്‍ച്ചയാകും. പ്രതിരോധം, സുരക്ഷ, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാറില്‍ ഒപ്പിടുമെന്ന് ഇന്നലെ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഏഷ്യയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളാകും. താലിബാനുമായി സമാധാന കരാര്‍ ഒപ്പിടാനുള്ള അമേരിക്കയുടെ നീക്കം ട്രംപ് മോദിയെ അറിയിക്കും. ഇന്തോ - പസഫിക് മേഖലയിലെയും, ഗള്‍ഫ് മേഖലയിലെയും തീവ്രവാദപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളും കൂടിക്കാഴ്‌ച്ചയില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മൂന്ന് ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ കരാര്‍ ഒപ്പിടുക. അമേരിക്കന്‍ വ്യോമസേനയുടെ കരുത്തായ എംഎച്ച് 69ആര്‍ വിഭാഗത്തില്‍പ്പെടുന്ന 24 ഹെലിക്കോപ്‌റ്ററുകളും (2.6 ബില്യണ്‍ ഡോളര്‍), എഎച്ച് 64 ഇ വിഭാഗത്തില്‍പ്പെടുന്ന ആറ് അപ്പാച്ചെ ഹെലികോപ്‌റ്ററുകളും (800 മില്യണ്‍ ഡോളര്‍) ഇന്ത്യയ്‌ക്ക് കൈമാറുന്ന കരാറാണിത്.