മോദി ഇന്ന് ശ്രീലങ്കയിലേക്ക്; ഭീകരാക്രമണം നടന്ന പള്ളി സന്ദർശിക്കും
ഈസ്റ്റർ ദിനത്തിൽ ഏകദേശം 250 ആളുകൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ രാജ്യാന്തര നേതാവാണ് മോദി
ന്യൂഡൽഹി:മാലദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയിലേക്ക്. ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും. ഈസ്റ്റർ ദിനത്തിൽ ഏകദേശം 250 ആളുകൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ രാജ്യാന്തര നേതാവാണ് മോദി.
ശക്തമായ സുരക്ഷയും ഗതാഗത നിയന്ത്രണവും ഇന്ന് ശ്രീലങ്കയിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്‍റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടിഎൻഎ നേതാവ് ആര്‍ സംബന്ധൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിന് മുമ്പ് 2015, 2017 വര്‍ഷങ്ങളിൽ മോദി ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്നലെ മാലദ്വീപ് സന്ദർശിച്ച മോദി പാര്‍ലനമെന്‍റിനെ അഭിസംബോധന ചെയ്യവെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു. ഭീകരവാദത്തിനെതിരെ ലോകനേതാക്കള്‍ ഒരുമിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വിദേശികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ മാലദ്വീപ് മോദിക്ക് സമ്മാനിച്ചു.