ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹ്യചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ലോകത്തിലെ കൊവിഡിന്‍റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്നും കൊവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മോദി സർക്കാരിനെതിരെ വിമർശനുമായി കോൺഗ്രസ്
കൊവിഡിനെതിരെ കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങൾ പ്രതിരോധത്തിന് ഉതകുന്നതല്ലെന്നും സർക്കാർ ജനങ്ങളെ നിരാകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് വിമർശനം ഉന്നയിച്ചു
മഹാഭാരത യുദ്ധം 18 ദിവസമാണ് നീണ്ടു നിന്നതെന്നും കൊവിഡിനെതിരെയുള്ള പോരാട്ടം 21 ദിവസത്തിനുള്ളിൽ വിജയിച്ചേക്കാമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പരിഹസിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടം ആരംഭിച്ചിട്ട് 166 ദിനം പിന്നിട്ടു. എന്നാൽ പ്രധാനമന്ത്രി പക്ഷികൾക്കൊപ്പം ഫോട്ടോഷൂട്ട് നടത്തുന്നതിൽ തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച രാജ്യത്ത് 90,800 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസിലീനെ പിന്നിലാക്കി കൊവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതായി.
കൊവിഡിനെതിരെ കേന്ദ്രം എടുത്ത തീരുമാനങ്ങൾ പ്രതിരോധത്തിന് ഉതകുന്നതല്ല. സർക്കാർ ജനങ്ങളെ നിരാകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നിലവിലെ കണക്കുകൾ പ്രകാരം നവംബർ 30ഓടെ രാജ്യത്ത് കൊവിഡ് ബാധിതർ ഒരു കോടി പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണം 1,75,000 കടക്കും. ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണിലൂടെ കൊവിഡിനെ നിയന്ത്രിക്കാനായില്ലെന്നും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഇത് തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.