ഭോപ്പാൽ:കനത്ത മഴയെ തുടർന്ന് സെഹോർ ജില്ലയിൽ വീട് തകർന്ന് 13കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നാല് പേരും ഉറങ്ങിക്കിടക്കുമ്പോഴാണ് കെട്ടിടം തകർന്ന് വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഡിഎം രവി വർമ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രണ്ട് പുരുഷന്മാരെയും ഒരു കുട്ടിയെയും പുറത്തെടുത്തത്.
കനത്ത മഴയില്‍ വീട് തകർന്ന് 13കാരി മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു - ശിവരാജ് സിങ് ചൗഹാൻ
മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രണ്ട് പുരുഷന്മാരെയും ഒരു കുട്ടിയെയും പുറത്തെടുത്തത്
മഴ, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ നർമദ നദിയിലെയും ഉപനദികളിലെയും ജലനിരപ്പ് ഉയരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നീ ടീമുകളുമായി സമ്പർക്കം പുലർത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി 394ലധികം ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇതുവരെ 7,000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.