ന്യൂഡല്‍ഹി:തെക്കൻ ഡല്‍ഹിയിലെ ലജ്‌പത് നഗറില്‍ സ്‌കൂളിന് പുറത്ത് പരിശോധനക്കായി കാത്തുനിന്ന അതിഥി തൊഴിലാളികൾക്ക് മേല്‍ അണുനാശിനി തളിച്ചു. എന്നാലിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നതായും തെക്കൻ ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. സ്‌പ്രേ കൈകാര്യം ചെയ്യുന്ന തൊഴിലാളിക്ക് യന്ത്രത്തിന്‍റെ മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ സംഭവിച്ചതാണെന്ന് കോര്‍പറേഷന്‍റെ വിശദീകരണം.
ഡല്‍ഹിയില്‍ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ചു; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അധികൃതര്‍
സ്‌പ്രേ കൈകാര്യം ചെയ്യുന്ന തൊഴിലാളിക്ക് യന്ത്രത്തിന്‍റെ മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ സംഭവിച്ചതാണെന്ന് കോര്‍പറേഷന്‍റെ വിശദീകരണം.
ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പായി നിരവധി അതിഥി തൊഴിലാളികൾ ലജ്‌പത് നഗറിലെ ഹേമു കലാനി സീനിയർ സെക്കൻഡറി സ്‌കൂളിന് പുറത്ത് പരിശോധനകള്‍ക്കായി തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കുമേലാണ് ശുചീകരണ പ്രവര്‍ത്തനം ചെയ്‌തിരുന്നയാൾ അണുനാശിനി തളിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌കൂൾ റെസിഡൻഷ്യൽ കോളനിയിലായതിനാൽ, സ്‌കൂളും പരിസരവും അണുവിമുക്തമാക്കണമെന്ന് പ്രദേശത്തെ താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അണുനശീകരണം നടത്തിയ തൊഴിലാളിക്ക് ജെറ്റിങ് മെഷീന്‍റെ സമ്മർദത്തെ കുറച്ച് സമയം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളികളോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നു കോര്‍പറേഷൻ പ്രസ്‌താവനയില്‍ പറഞ്ഞു.