ന്യൂഡല്‍ഹി: ലൈംഗികാതിക്രമകേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മാന്ത്രാലയത്തിന്‍റെ നിര്‍ദേശം. സ്‌ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം.
ലൈംഗികാതിക്രമകേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ - new delhi latest news
ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ 'സീറോ എഫ്ഐആര്‍' വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം
ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ 'സീറോ എഫ്ഐആര്‍' വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസമാണ് സമയപരിധി. ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിങ് ആന്‍റ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിങ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സ് പോര്‍ട്ടല്‍ സൗകര്യം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സ്ഥാപിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ പറയുന്നു. ഐ.ടി.എസ്.എസ്.ഒ സംവിധാനം സംസ്ഥാനങ്ങളിലെ പൊലീസിന് ഉപയോഗപ്പെടുത്താമെന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങൾ കർശനമായി കൈകാര്യം ചെയ്യുന്നതിനുള്ള നിയമനിർമാണ വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഏത് പരാതിയും സമയബന്ധിതമായും സജീവമായും കൈകാര്യം ചെയ്യാൻ കഴിയേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനങ്ങളില്‍ സ്വതന്ത്ര ഫോറൻസിക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.