കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന തീരുമാനത്തെ വിമര്‍ശിച്ച് മമതാ ബാനര്‍ജി. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിനെ ഭരണഘടനാ വിരുദ്ധമെന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. ഐപിഎസ് ഓഫീസറായ ബോല്‍നാഥ് പാണ്ഡയെ പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ്‌മെന്‍റിലേക്കാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ രാജീവ് മിശ്രയെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലേക്കും, പ്രവീണ്‍ ത്രിപാതിയെ സഹസ്‌ത്ര സീമാബെല്ലിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഓഫീസര്‍മാരെ നിയോഗിച്ച പദവികളിലേക്ക് വിട്ടയക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്‍; ഭരണഘടനാ വിരുദ്ധമെന്ന് മമതാ ബാനര്‍ജി
മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന് ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം.
കേന്ദ്ര തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നും 1954ലെ ഐപിഎസ് കേഡര്‍ നിയമത്തിലെ അടിയന്തര വ്യവസ്ഥയുടെ ദുര്‍വിനിയോഗമാണെന്നും മമതാ ബാനര്‍ജി ട്വീറ്റ് ചെയ്‌തു. തെരഞ്ഞെടുപ്പിന് മുന്നേയുള്ള ഈ നീക്കം ഫെഡറല്‍ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും അസ്വീകാര്യവുമാണ്. പകരക്കാരനെ വെച്ച് സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്നും മമതാ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ പശ്ചിമ ബംഗാള്‍ മുട്ടുമടക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നവരാണ് ഈ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരും. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവരെ അയക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പശ്ചിമബംഗാളില്‍ 2021 പകുതിയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.