ന്യൂഡൽഹി:ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകൾക്കെതിരെ അന്വേഷണം ഏകോപിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജീവ് ഗാന്ധി ഫൗണ്ടേഷൻ (ആർജിഎഫ്) ഉൾപ്പെടെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകൾക്ക് എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നിക്ഷേപം തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പ്രത്യേക ഡയറക്‌ടർ സമിതിക്ക് നേതൃത്വം നൽകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.
ഗാന്ധി കുടുംബത്തിന്‍റെ ട്രസ്റ്റുകൾ; അന്വേഷണത്തിന് പ്രത്യേക സമിതി - Gandhi family-linked trusts
രാജീവ് ഗാന്ധി ഫൗണ്ടേഷൻ (ആർജിഎഫ്) ഉൾപ്പെടെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകൾക്ക് എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നിക്ഷേപം തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം തട്ടിയെടുത്തുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. യുപിഎയുടെ കാലഘട്ടത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് പിഎംഎൻആർഎഫിൽ നിന്ന് പണം സംഭാവന ചെയ്‌തതായി കാണിക്കുന്ന വിവരങ്ങളും നദ്ദ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ദുരിതത്തിലായവരെ സഹായിക്കുകയാണ് പിഎം ഫണ്ടിന്‍റെ ലക്ഷ്യം.
രാജ്യത്തെ ജനങ്ങൾ അധ്വാനിക്കുന്ന പണം മറ്റുള്ളവരെ സഹായിക്കാനായി ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നൽകുന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷയും ആർജിഎഫ് മേധാവിയുമായ സോണിയ ഗാന്ധി സുതാര്യത, ധാർമികത എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ ജെ.പി നദ്ദ ആരോപിച്ചു. ഇന്ത്യ- ചൈന സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.