ന്യൂഡല്‍ഹി:കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യിലെ 2000 തസ്‌തികകൾക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിമാനത്താവളങ്ങൾ, മെട്രോ നെറ്റ്‌വർക്കുകൾ, ആണവനിലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്‌തികകൾ.
കേന്ദ്ര വ്യവസായ സംരക്ഷണ സേനയില്‍ 2,000 തസ്‌തികകൾക്ക് കേന്ദ്രാനുമതി - വിവിഐപി
അനുമതി ലഭിച്ച തസ്‌തികകളിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ബറ്റാലിയനുകൾ കൂട്ടിച്ചേര്‍ക്കാന്‍ സിഐഎസ്എഫിന് കഴിയും
അനുമതി ലഭിച്ച തസ്‌തികകളിലൂടെ കോൺസ്റ്റബിൾ മുതൽ ഇൻസ്പെക്‌ടർ തലം വരെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ബറ്റാലിയനുകൾ (1,000 പേർ വീതം) കൂട്ടിച്ചേര്‍ക്കാന്‍ സിഐഎസ്എഫിന് കഴിയുമെന്ന് അധികൃതർ പറഞ്ഞു.
1.8 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ സിഐഎസ്എഫിലുള്ളത്. രാജ്യത്തെ 60ഓളം ആഭ്യന്തര വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സേവനം ലഭ്യമാണ്. സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്(എസ്എസ്‌ജി)എന്ന പേരിൽ വിവിഐപി സുരക്ഷാവിഭാഗവും നിലവിലുണ്ട്. ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ ഈ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫിന് കൈമാറും. ഈ രണ്ട് വിമാനത്താവളങ്ങളിൽ ജമ്മുകശ്‌മീർ പൊലീസിനെ മാറ്റി സിഐഎസ്എഫിനെ നിയമിക്കും.