പഞ്ചാബിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയ കേസ് എൻഐഎക്ക് കൈമാറി - NIA takes pakistan drones in punjab case
അമൃത്‌സറിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. പഞ്ചാബ് പൊലീസിന്‍റെ കീഴിലുണ്ടായിരുന്ന കേസാണ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.

ന്യൂഡൽഹി: പഞ്ചാബില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ കണ്ടെത്തിയ കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ക് കൈമാറി. എന്‍ഐഎ സംഘം അമൃത്‌സറിലെത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ജാബലിനടുത്തുള്ള യുബിഡിസി കനാലിൽ നിന്നും തീവ്രവാദികൾ ഉപേക്ഷിച്ച ഡ്രോണിന്‍റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഈ പ്രദേശം സുരക്ഷാ ഏജൻസികൾ മുദ്ര ചെയ്‌തിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ പഞ്ചാബിൽ കണ്ടെത്തിയ സംഭവത്തിൽ ആവശ്യമായ നടപടിയെടുക്കണമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ- ജർമനി ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിന്‍റെ ശ്രമങ്ങൾ തകർത്തതായി കഴിഞ്ഞ മാസം പഞ്ചാബ് പൊലീസ് വെളിപ്പെടുത്തിയിരുന്നു. അതേ സമയം, ഇത്തരം ഡ്രോണുകൾ കണ്ടെത്തുന്നതിലെ വീഴ്‌ച സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച കേന്ദ്ര ഏജൻസികളോട് വിശദീകരണം തേടിയിരുന്നു.