ശ്രീനഗർ: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍റ്റിജ മുഫ്തി. മെഹബൂബ മുഫ്തിയെയും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയും തടങ്കലില്‍ വച്ചത് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് അല്ല മറിച്ച് കേന്ദ്രത്തിന്‍റെ നിയമ വിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിനാണെന്ന് ഇല്‍റ്റിജ മുഫ്തി പറഞ്ഞു.
മെഹബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും തടവിലാക്കിയത് കേന്ദ്ര നടപടിയെ ചോദ്യം ചെയ്തതിന്; ഇല്‍റ്റിജ മുഫ്തി
മെഹബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കേന്ദ്രത്തിനെതിരെ ഇല്‍റ്റിജ രൂക്ഷ വിമർശനം ഉന്നയിച്ചത്. മെഹബൂബ മുഫ്തിയെ ചോദ്യം ചെയ്തതിന് ശേഷം ഇല്‍റ്റിജയാണ് ഇവരുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത്.
ജമ്മു കശ്മീരിനെതിരായ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് അവർ ചെയ്ത കുറ്റം. ഇന്ത്യയെ ഏകീകരിക്കാൻ എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാല്‍ അത് യഥാർത്ഥ ഇന്ത്യയല്ല. ബിജെപിയുടെ സന്ദേശം വ്യക്തമാണെന്നും മെഹബൂബ മുഫ്തിയുടെ ട്വിറ്റർ പേജില്‍ നിന്ന് ഇല്‍റ്റിജ ട്വീറ്റ് ചെയ്തു. ആഗസ്റ്റ് 5ന് മെഹബൂബയെ കസ്റ്റഡിയിലെടുത്തതിന് ശേഷം ഇല്‍റ്റിജയാണ് മെഹബൂബ മുഫ്തിയുടെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്നത്.
ജമ്മു കശ്മീൻ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെയും മെഹബൂബ മുഫ്തിക്കെതിരെയും പൊതു സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. ബിജെപിയെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. ബിജെപിയുടെ ചോദ്യം ചെയ്താല്‍ നിങ്ങൾ ഒരു ദേശവിരുദ്ധനാണ്. വിദ്യാർഥികളെയും കാശ്മീരികളെയും മുസ്ലീങ്ങളെയും തുക്ഡെ തുക്ഡെ സംഘമായി പരിഹസിക്കുന്ന ഒരു ആഖ്യാനം സൃഷ്ടിക്കുന്നതിൽ വലിയ തോതിൽ മാധ്യമങ്ങൾ കുറ്റക്കാരാണ്. ബ്രിട്ടീഷ് 1947 ൽ ഇന്ത്യയെ വിഭജിച്ചു, ഇന്ന് ഗോഡ്സെയെ ആരാധിക്കുന്ന ഒരു പാർട്ടി ചരിത്രം ആവർത്തിക്കുകയാണെന്നും അവർ പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനെയും ഇല്‍റ്റിജ ചോദ്യം ചെയ്തു.