ശ്രീനഗര്‍: മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഒമ്പത് മാസമായി പൊതുസുരക്ഷാ നിയമപ്രകാരം മെഹബൂബ മുഫ്‌തി വീട്ടുതടങ്കലില്‍ കഴിയുകയാണ്. തടങ്കല്‍ കാലാവധി കഴിയാൻ മണിക്കൂറുകൾ ബാക്കി നില്‍ക്കെയാണ് വീട്ടുതടങ്കല്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മെഹ്ബൂബ മുഫ്‌തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി - ജമ്മു കശ്‌മീർ
കഴിഞ്ഞ ഒമ്പത് മാസമായി പൊതുസുരക്ഷാ നിയമപ്രകാരം മെഹബൂബ മുഫ്‌തി വീട്ടുതടങ്കലില്‍ കഴിയുകയാണ്.
സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും ലഡാക്ക്, ജമ്മു കശ്‌മീർ എന്നിവയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌ത 2019 ഓഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്‌തിയെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിലെ എം.എ റോഡിലുള്ള വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയായിരുന്ന ഇവരെ ഏപ്രില്‍ ആദ്യവാരം സ്വന്തം വസതിലേക്ക് മാറ്റിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെ മാര്‍ച്ചിലും മകൻ ഉമർ അബ്ദുല്ലയെ ഏപ്രില്‍ മാസം ആദ്യവും കേന്ദ്രസർക്കാർ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
മെഹബൂബയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മകളായ ഇൽതിജ മുഫ്‌തി ഹേബിയസ് കോർപ്പസുമായി കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജമ്മു കശ്‌മീർ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് കോടതി നോട്ടീസ് നൽകുകയും മാർച്ച് 18ന് വാദം കേൾക്കാൻ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ തടസപ്പെടുകയായിരുന്നു.