ചെന്നൈ: ഭാഷാതര്‍ക്കത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കൊടുവില്‍ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു . 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാ കുംഭാഭിഷേക ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുന്നത്. മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇത്തവണ സംസ്കൃത ഭാഷയോടൊപ്പം തമിഴിലും പൂജാമന്ത്രങ്ങള്‍ ചൊല്ലും.
പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ്, തഞ്ചാവൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊലീസ് തുടങ്ങി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 5,500 പൊലീസുകാരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
11-ാം നൂറ്റാണ്ടില്‍ രാജ രാജ ചോള മഹാ രാജാവിന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച ക്ഷേത്രം നിര്‍മാണ വൈദഗ്‌ധ്യത്തിന്‍റെ മികവില്‍ യുനെസ്‌കോ 1987 ല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1997 ലാണ് അവസാനമായി കുംഭാഭിഷേകം നടന്നത്. 12 വര്‍ഷം കൂടുമ്പോള്‍ ചടങ്ങ് നടത്തുന്നതാണ് ആചാരമെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടു പോയി.
കുംഭാഭിഷേക ചടങ്ങുകള്‍ തമിഴില്‍ നടത്തണമെന്ന് ഡി.എം.കെ. പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. ചടങ്ങുകള്‍ തമിഴിലും നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ ഇരു ഭാഷകളിലും കുംഭാഭിഷേകത്തിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു.