മരണശേഷവും രാജ്യത്തെ സേവിക്കുന്ന സൈനികൻ, നിഗൂഢ കഥയായി ബാബാ ഹർഭജൻ സിംഗ് - ജന്മദിനം
അതേ, ഇന്ന് ബാബയുടെ ദിനമാണ്, 98-ാം ജന്മദിനം, ആ സാന്നിധ്യത്തിന് ഇപ്പോഴും മരണമില്ല..
ഇന്ത്യയുടെ കിഴക്കൻ അതിരുകളെ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്ന അമർ ജവാൻ ബാബ ഹർബജൻ സിംഗ് പിറന്നത് 1941ൽ ഇന്നേ ദിവസമാണ്.
അതേ, ഇന്ന് ബാബയുടെ ദിനമാണ്, 98-ാം ജന്മദിനം. ആ സാന്നിധ്യത്തിന് ഇപ്പോഴും മരണമില്ല..
1968 സിക്കിമിൽ ജോലിസമയത്താണ് ബാബ ഹർബജൻ സിംഗ് മരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്‍റെ ശരീരത്തെ മരണം കവർന്നെടുത്തെങ്കിലും സാന്നിധ്യത്തെ കൊണ്ടുപോകാൻ മൃത്യുവിനായില്ല.
കിഴക്കൻ സിക്കിമിൽ ഇന്ത്യ ചൈന പ്രതിരോധങ്ങൾക്കിടയിൽ നാതുല അതിർത്തിയിൽ വച്ച് തന്‍റെ 27-ാം വയസ്സിലാണ് ക്യാപ്റ്റൻ ഹർബജൻ സിംഗ് മരണത്തിന് കീഴടങ്ങുന്നത്.
ഇന്ത്യൻ സേനയും ചൈനീസ് പട്ടാളവും 'ബാബ'യെ ഒരുപോലെ ആരാധിക്കുന്നു. അങ്ങനെ സിംഗ് മരണത്തിന് മുമ്പും ശേഷവും രാജ്യത്തെ സേവിക്കുകയാണ്.
ഏത് ആക്രമണത്തിന്‍റെയും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ബാബ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളുടെയും അന്തർദേശീയ അതിർത്തികൾ ഇപ്പോഴും സംരക്ഷിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു.
ബാബ ലീവിൽ പോകുന്ന വേളയിൽ മറ്റെല്ലാ ആർമി ഉദ്ദ്യോഗസ്ഥരും അതീവ ശ്രദ്ധാലുക്കളാണ്. ഇന്ത്യൻ ചൈനീസ് സേനകൾ തമ്മിലുള്ള ഫ്ലാഗ് കൂടിക്കാഴ്ചയിൽ പോലും അദ്ദേഹത്തിന് വേണ്ടി ഒരു ഇരിപ്പിടം മാറ്റിവക്കുന്നു. യുക്തിക്കനുസൃത രീതീയിൽ ചിന്തിച്ചാൽ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. എങ്കിലും ബാബയുടെ സാന്നിധ്യം മനസ്സിലാക്കിയ പടയാളികൾ രാവിലെ തന്‍റെ നിയുക്ത മുറിയിൽ പാദരക്ഷകൾ ഒരുക്കിവക്കുന്നു. എല്ലാ മാസവും എല്ലാ ദിവസവും രാവിലെ ആ മുറി വൃത്തിയാക്കപ്പെടുന്നു. ശമ്പളം കൃത്യമായി അദ്ദേഹത്തിനെത്തുന്നു. പ്രതിവർഷം രണ്ട് മാസത്തെ അവധിയും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.
നാട്ടിലേക്കുള്ള യാത്രക്ക് വേണ്ടി ട്രയിനിൽ ഒരു ബെർത്തും അദ്ദേഹത്തിന്‍റെ പേരിലുണ്ടാകും. എല്ലാ വർഷവും സെപ്റ്റംബർ 11ന് പശ്ചിമ ബംഗാൾ, ന്യൂ ജൽപൈഗുരി സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിൽ തന്‍റെ വസ്തുവകകൾ തിരികെ നാട്ടിലേക്ക് അയക്കുന്നു.
നാതുലയുടെ നായകനായിരിക്കെ സ്വീകരണമുറിയും ഓഫീസ് മുറിയും അടക്കമുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. അദ്ദേഹത്തിന്‍റെ കിടക്ക, ചെരുപ്പുകൾ, സ്ലിപ്പറുകൾ തുടങ്ങി അദ്ദേത്തിനാവശ്യമുള്ള എല്ലാം ഇവിടെയുണ്ട്. മിസ്റ്റിസിസവും യാഥാർഥ്യവും ഇടകലർന്നതാണ് ബാബയുടെ സാന്നിധ്യം.