റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ മാവോയിസ്റ്റ് നേതാവിനെ തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊന്നു. അംഗോ പൊലീസ് സ്റ്റേഷൻ പരിധിയിൽ എഡ്‌ല ഹാർലി ഗ്രാമത്തിലെ താമസക്കാരനായ ജിതാൻ മഞ്‌ജിയാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് മയൂർ പട്ടേൽ അറിയിച്ചു.
ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവിനെ വെടിവെച്ച് കൊന്നു - Hazaribag
ജിതാൻ മഞ്‌ജി എന്ന മാവോയിസ്റ്റ് നേതാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു
പൊലീസ് സ്റ്റേഷനിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മഞ്‌ജിയുടെ പേരിൽ നിരവധി കേസുകൾ ഉണ്ടായിരുന്നതായും എതിരാളിയായ ഗുണ്ടാ നേതാവ് മിഥിലേഷ് സിംഗ് എന്ന ദുര്യോധൻ മഹാട്ടോയുടെ സംഘമാണ് കൊലക്ക് പിന്നില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. സിആർപിഎഫ് ഉദ്യോഗസ്ഥർ, ജാർഖണ്ഡ് ആംഡ് പൊലീസ്, ഹസാരിബാഗ് ജില്ലാ സായുധ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മഞ്‌ജിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേരെയും മിഥിലേഷിന്‍റെ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. രണ്ട് പേരെ വിട്ടയച്ചെങ്കിലും മഞ്‌ജിയെ കൊലപ്പെടുത്തുകയായിരുന്നു.