ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപം രൂക്ഷമായതിന്‍റെ ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നുവെന്ന് ഡല്‍ഹിയിലെ സിഖ് സംഘടന. കലാപം ആരഭിച്ച സമയത്ത് സൈന്യത്തെ ഉടനടി രംഗത്തിറക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന നരംസിംഹ റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാവു അത് ചെവിക്കൊണ്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കലാപം രൂക്ഷമായതിന്‍റെ ഉത്തരവാദിത്തം വേണ്ട ഇടപെടലുകള്‍ നടത്താത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കാണെന്ന അഭിപ്രായവുമായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മറ്റി പ്രസിഡന്‍റ് മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയത്. മന്‍മോഹന്‍ സിംഗിന്‍റെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഖ് വിരുദ്ധ കലാപം രൂക്ഷമാകാന്‍ കാരണം രാജീവ് ഗാന്ധിയെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മറ്റി
കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ രംഗത്തിറക്കണമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ നരംസിംഹ റാവുവിനോട് ഐ.കെ ഗുജ്‌റാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു
രാജീവ് ഗാന്ധി എന്ത് ചിന്തിച്ചുകൊണ്ടാണ് അങ്ങനെ ഒരു നിലപാട് എടുത്തതെന്ന് അറിയില്ലെന്നും എന്തായാലും ആയിരക്കണക്കിന് സിഖുകാരുടെ മരണത്തില്‍ രാജീവ് ഗാന്ധിക്കും ഉത്തരവാദിത്തമുണ്ടെന്നും മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. സിഖുക്കാരായ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന കലാപത്തില്‍ 3,350 സിഖുക്കാര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പതിനേഴായിരത്തോളം ആളുകള്‍ മരിച്ചെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത കണക്കുകളും പുറത്തുവന്നിരുന്നു.