ബോളിവുഡ് നടിക്ക് നേരെ പീഡനശ്രമം; പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ് - വികാസ് സച്ച്‌ദേവ്
2017 ഡിസംബറില്‍ നടി ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ വിമാനമാര്‍ഗം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം
മുംബൈ: ദേശീയ അവാര്‍ഡ് ജേതാവായ ബോളിവുഡ് നടിയെ വിമാനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വികാസ് സച്ച്‌ദേവിന് മൂന്ന് വര്‍ഷം കഠിന തടവ്. 2017 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ വിമാനമാര്‍ഗം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അന്ന് നടിക്ക് പതിനേഴ് വയസായിരുന്നു പ്രായം. ഐപിസി 354 വകുപ്പ് പ്രകാരം പോക്സോ പ്രത്യേക കോടതി ജഡ്‌ജി എ.ഡി. ദിയോയാണ് ശിക്ഷ വിധിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്‌ത്രീകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നത് സാധാരണ സംഭവമായി മാറിയിട്ടുണ്ടെന്നും വിധിപ്രസ്‌താവത്തിനിടെ കോടതി നിരീക്ഷിച്ചു. അതേസമയം വിധി വന്നതിന് പിന്നാലെ സച്ച്ദേവിന് ജാമ്യം ലഭിച്ചു. കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സച്ച്‌ദേവിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് നടി നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.