കൊൽക്കത്ത:പൗരത്വ ഭേദഗതി നിയമത്തിൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സർക്കാരും നീരസം തുടരുന്നതിനിടെ മമതക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് നേട്ടങ്ങൾ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ആയുഷ്‌മാന്‍ ഭാരത്, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗപ്പെടാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്.
കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല; മമത ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി - ആയുഷ്മാൻ ഭാരത്
കേന്ദ്ര സർക്കാരിന്‍റെ ആയുഷ്‌മാന്‍ ഭാരത്, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി. ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗപ്പെടാത്തതിൽ വിഷമമുണ്ടെന്നും പ്രധാനമന്ത്രി
75 ലക്ഷത്തോളം പേർക്ക് ആയുഷ്‌മാന്‍ ഭാരത് പദ്ധതി സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയിൽ നിന്ന് എട്ട് കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 43,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ മധ്യസ്ഥരോ സിന്‍ഡിക്കേറ്റുകളോ ഇല്ല. സംസ്ഥാനത്തെ പോളിസി മേക്കേഴ്‌സിന് നല്ല ബുദ്ധി തോന്നാൻ പ്രാർഥിക്കാമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്.