കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടിയന്തര യോഗം വിളിച്ചു. ശനിയാഴ്ച വൈകിട്ടാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടിയുടെ ജില്ല പ്രസിഡന്‍റുമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിയും സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ബിജെപി തരംഗവും ചര്‍ച്ചയാകും. സംസ്ഥാനത്തെ 22-23 ശതമാനം വരുന്ന ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാകാം ബിജെപിയുടെ മുന്നേറ്റത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചു. കഴിഞ്ഞ തവണ ലഭിച്ചതിലും 17 ശതമാനം വോട്ട് വര്‍ദ്ധനവാണ് ഇത്തവണ ബിജെപിക്കുണ്ടായത്.
ബംഗാളിലെ ബിജെപി തരംഗം: അടിയന്തര യോഗം വിളിച്ച് മമത - മമത ബാനര്‍ജി
സംസ്ഥാനത്തെ 22-23 ശതമാനം വരുന്ന ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാകാം ബിജെപിയുടെ മുന്നേറ്റത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരും ബിജെപിയും സര്‍ക്കാര്‍ ഏജന്‍സികളെ സ്വാധീനിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയോ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളതായി പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യം മുഴുവന്‍ അലയടിച്ച മോദി തരംഗം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനേയും ബാധിച്ചിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സിറ്റി മേയറുമായ ഫിര്‍ഹദ് ഹക്കിം പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.