രാജ്യത്ത് യുവ തലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് 10 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതിയ്ക്ക് കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്ന് 'റോയിറ്റേഴ്‌സ്' തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ഫെബ്രുവരിയില്‍ 5.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 7.2 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണെന്ന് സെന്‍റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 3.12 കോടി തൊഴിലന്വേഷകരാണ് രാജ്യത്തുള്ളത്.എന്‍ജിനീയറിങ് കോഴ്സുകള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ചെറിയ ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളത്.